തൊഴിലധിഷ്ഠിത കോഴ്സുകൾക്കു മുഖ്യപരിഗണന: മന്ത്രി വി. അബ്ദുറഹിമാൻ
1283291
Saturday, April 1, 2023 11:24 PM IST
പൊന്നാനി: സംസ്ഥാന ന്യൂനപക്ഷ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങളിൽ (സിസിഎംവൈ) മത്സര പരീക്ഷാ പരിശീലനത്തോടൊപ്പം തൊഴിലധിഷ്ഠിത കോഴ്സുകൾ ആരംഭിക്കുന്നതിന് മുഖ്യപരിഗണന നൽകുമെന്ന് മന്ത്രി വി. അബ്ദുറഹിമാൻ.
പൊന്നാനി ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രം സന്ദർശനവും ബ്രിട്ടൻ ആസ്ഥാനമായ വേൾഡ് വൈഡ് ബുക്ക് ഓഫ് റക്കാർഡ്സ് ലിമിറ്റഡിന്റെ ‘ഇൻസ്പയറിംഗ് ഹ്യൂമൻ’ റിക്കാർഡ് കരസ്ഥമാക്കിയ അബൂബക്കർ സിദീഖ് അക്ബറിന് നൽകിയ അനുമോദന ചടങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പൊന്നാനി സിസിഎംവൈയിലെ ഉദ്യോഗാർഥിയും കന്പ്യൂട്ടർ സയൻസ് ബിരുദാനന്തര ബിരുദധാരിയുമായ അബൂബക്കർ 95 ശതമാനം ഭിന്നശേഷിയിൽപ്പെട്ട വ്യക്തിയാണ്.
65 സെന്റീമീറ്റർ മാത്രം ഉയരവും 25 കിലോഗ്രാം ഭാരവുമുള്ള അബൂബക്കറിന് ഉന്നത വിദ്യാഭ്യാസ മേഖലയിൽ കൈവരിച്ച നേട്ടങ്ങളാണ് റിക്കാർഡിന് അർഹനാക്കിയത്. പൊന്നാനി നഗരസഭാ അധ്യക്ഷൻ ശിവദാസ് ആറ്റുപുറം അധ്യക്ഷത വഹിച്ചു. പൊന്നാനി ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രം പ്രിൻസിപ്പൽ വി. ശരത്ചന്ദ്ര ബാബു, വാർഡ് കൗണ്‍സിലർ കെ.വി ബാബു, പരിശീലന കേന്ദ്രം മുൻ പ്രിൻസിപ്പൽ പ്രഫ. പി.കെ.എം മുഹമ്മദ് ഇക്ബാൽ, ഐസിഎസ്ആർ കോ-ഓർഡിനേറ്റർ പ്രഫ. കെ. ഇന്പിച്ചിക്കോയ, വിദ്യാർഥി പ്രതിനിധി പി.പി ആസിഫ് അലി, അബൂബക്കർ സിദീഖ് അക്ബറിന്റെ പിതാവ് മുഹമ്മദ് അക്ബർ തുടങ്ങിയവർ പ്രസംഗിച്ചു.