തിരുവമ്പാടി: പഞ്ചായത്തിന്റെ വാർഷിക പദ്ധതി വിഹിതം വെട്ടിക്കുറക്കുകയും യഥാസമയം ഫണ്ട് അനുവദിക്കാതിരിക്കുകയും ചെയ്ത് ഗ്രാമ വികസനത്തിന് തടസം നിൽക്കുന്ന സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് പഞ്ചായത്തിനു മുന്നിൽ യുഡിഎഫ് ജനപ്രതിനിധികൾ കുത്തിയിരുപ്പ് സമരം നടത്തി. പ്രതിഷേധ സംഗമം പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ടിന്റെ അധ്യക്ഷതയിൽ യുഡിഎഫ് ചെയർമാൻ ടി.ജെ. കുര്യാച്ചൻ ഉദ്ഘാടനം ചെയ്തു.
ഫണ്ട് വെട്ടിക്കുറച്ചത് മൂലം പട്ടികജാതി വികസനം, ലൈഫ് ഭവന പദ്ധതി, വയോജന ക്ഷേമപദ്ധതി, ഗോത്ര സാരഥി ഉൾപ്പെടെ പല ക്ഷേമ പദ്ധതികളും മുടങ്ങിയിരിക്കുകയാണ്. തദ്ദേശ സ്ഥാപനങ്ങളുടെ അധികാരങ്ങൾ ഒന്നൊന്നായി കവരുന്ന സമീപനമാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നതെന്ന് നേതാക്കൾ കുറ്റപ്പെടുത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ. അബ്ദുറഹിമാൻ, ടോമി കൊന്നക്കൽ, കോയ പുതുവയൽ, രാമചന്ദ്രൻ കരിമ്പിൽ, ലിസി മാളിയേക്കൽ, ഷൗക്കത്തലി കൊല്ലളത്തിൽ എന്നിവർ പ്രസംഗിച്ചു.
മുക്കം: തദ്ദേശ സ്ഥാപനങ്ങളുടെ 2022-23 വാർഷിക പദ്ധതി വിഹിതം വെട്ടിക്കുറക്കുകയും യഥാസമയം ഫണ്ട് അനുവദിക്കാതിരിക്കുകയും ചെയ്ത് വികസനത്തിന് തുരങ്കം വെച്ച സംസ്ഥാന സർക്കാറിന്റെ നടപടിയിൽ പ്രതിഷേധിച്ച് വിവിധ കേന്ദ്രങ്ങളിൽ യുഡിഎഫ് ജനപ്രതിനിധികൾ കുത്തിയിരുപ്പ് സമരം നടത്തി. ഫണ്ട് വെട്ടിക്കുറച്ചതുമൂലം പട്ടികജാതി വികസനം, ലൈഫ് ഭവന പദ്ധതി, ഉൾപ്പെടെ പല ക്ഷേമ പദ്ധതികളും മുടങ്ങിയിരിക്കുകയാണ്.
അധികാര വികേന്ദ്രീകരണത്തിന്റെ കാൽ നൂറ്റാണ്ട് പിന്നിടുന്ന ഘട്ടത്തിൽ തദ്ദേശ സ്ഥാപനങ്ങളുടെ അധികാരങ്ങൾ ഒന്നൊന്നായി കവരുന്ന സമീപനമാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നതന്ന് യുഡിഎഫ് ജനപ്രതിനിധികൾ പറഞ്ഞു. കൊടിയത്തൂർ പഞ്ചായത്തോഫീസിന് മുന്നിൽ നടന്ന സമരം യുഡിഎഫ് നിയോജക മണ്ഡലം കൺവീനർ കെ.ടി മൻസൂർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വി. ഷംലൂലത്ത് അധ്യക്ഷയായി.
കാരശേരി പഞ്ചായത്തിലെ യുഡിഎഫ് ജനപ്രതിനിധികളുടെ കുത്തിയിരിപ്പ് സമരം പഞ്ചായത്ത് ഓഫീസിനു മുൻപിൽ പഞ്ചായത്ത് പ്രസിഡന്റ് വി.പി സ്മിത ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ചെയർമാൻ കെ. കോയ ആധ്യക്ഷത വഹിച്ചു.
കൂരാച്ചുണ്ട്: തദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള സർക്കാർ ഫണ്ട് വിഹിതം നൽകാത്തതിൽ പ്രതിഷേധിച്ച് യുഡിഎഫ് കൂരാച്ചുണ്ട് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് ഓഫീസിന് മുമ്പിൽ ജനപ്രതിനിധികൾ കുത്തിയിരിപ്പ് സമരം നടത്തി. കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ജോൺസൺ താന്നിക്കൽ ഉദ്ഘാടനം ചെയ്തു. വി.എസ്. ഹമീദ് അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട, വൈസ് പ്രസിഡന്റ് റസീന യൂസഫ്, യുഡിഎഫ് കൺവീനർ ഒ.കെ. അഹമ്മദ്, അഗസ്റ്റിൻ കാരക്കട, ആൻഡ്രൂസ് കട്ടിക്കാന, സണ്ണി പുതിയകുന്നേൽ, ഡാർലി ഏബ്രഹാം, സിമിലി ബിജു, ജെസി കരിമ്പനയ്ക്കൽ, വിൻസി തോമസ് എന്നിവർ പ്രസംഗിച്ചു.
താമരശേരി: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഭരണപരവും സാമ്പത്തികവുമായ അധികാരങ്ങളെ ഇല്ലായ്മ ചെയ്യുന്ന ഇടതു സര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ച് ഓമശേരി പഞ്ചായത്ത് ഓഫീസിനു മുന്നില്‍ യുഡിഎഫ് പഞ്ചായത്ത് അംഗങ്ങൾ കുത്തിയിരിപ്പ് സമരം നടത്തി.
പഞ്ചായത്ത് യുഡിഎഫ് കണ്‍വീനര്‍ കെ.കെ. അബ്ദുല്ലക്കുട്ടി ഉദ്ഘാടനം ചെയ്തു. കെ.പി. അയമ്മദ് കുട്ടി, യു.കെ. ഹുസൈന്, പി.വി. സ്വാദിഖ്, ശരീഫ് വെളിമണ്ണ, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. കോമളവല്ലി എന്നിവര്‍ പ്രസംഗിച്ചു. കുത്തിയിരിപ്പ് സമരത്തിന് പഞ്ചായത്ത് പ്രസിഡന്റ് പി. അബ്ദുല്‍ നാസര്‍, വൈസ് പ്രസിഡന്റ് ഫാത്വിമ അബു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ യൂനുസ് അമ്പലക്കണ്ടി, സൈനുദ്ദീന്‍ കൊളത്തക്കര, ഒ.പി. സുഹറ, പഞ്ചായത്ത് അംഗങ്ങളായ എം. ഷീജ ബാബു, കെ. കരുണാകരന്, എം.എം. രാധാമണി, പി.കെ. ഗംഗാധരന്, സി.എ. ആയിഷ, അശോകന് പുനത്തില്‍, സീനത്ത് തട്ടാഞ്ചേരി എന്നിവര്‍ നേതൃത്വം നല്കി.
ചക്കിട്ടപാറ: കേരള സർക്കാരിന്റെ ജനദ്രോഹ നടപടിയിൽ പ്രതിഷേധിച്ചുകൊണ്ടും ലൈഫ് ഭവന പദ്ധതിയുടെ ഫണ്ട് ഉടൻ നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും ചക്കിട്ടപാറയിൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ യുഡിഎഫ് ജനപ്രതിനിധികൾ സമരം നടത്തി. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് റെജി കോച്ചേരി ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികളായ ജിതേഷ് മുതുകാട്, കെ.എ ജോസുകുട്ടി, രാജേഷ് തറവട്ടത്ത്, ഇ.പി നുസ്രത്ത് എന്നിവർ പ്രസംഗിച്ചു.