കടലിലും ചൂടേറി; മത്സ്യങ്ങള്‍ കേരളതീരം വിടുന്നു
1394963
Friday, February 23, 2024 7:47 AM IST
കോഴിക്കോട്: വേനല്‍ കാലത്ത് കരയില്‍ ചൂട് കനക്കുമ്പോള്‍ കടലിലും ചൂട് വര്‍ധിച്ചു. വെള്ളത്തിനുമുകളിലൂടെ സഞ്ചരിക്കുന്ന അയലയും മത്തിയുമെല്ലാം ഉള്‍വലിഞ്ഞു. കേരളതീരം വിട്ട് മത്സ്യങ്ങള്‍ മറ്റുഭാഗങ്ങളിലേക്ക് പോകുകയാണ്. മീന്‍പിടിക്കാന്‍ പോയ ബോട്ടുകാര് വെറും കൈയോടെ മടങ്ങുന്നു. കടലോര മേഖല പട്ടിണിയിലേക്കു നീങ്ങുന്നു. കരയ്ക്ക് പുറമേ വെള്ളത്തിലും ചൂട് കൂടിയതോടെ മത്സ്യലഭ്യതയില്‍ വലിയ കുറവാണ് അനുഭവപ്പെടുന്നത്.
ബോട്ടുകളില്‍ ഭൂരിഭാഗവും മത്സ്യബന്ധനത്തിന് പോകാതെ കരയ്ക്കടുപ്പിച്ചു. ബേപ്പൂരിലും പുതിയാപ്പയിലുമായി ചെറുതും വലുതും ഉള്‍പ്പെടെ ഏതാണ്ട് 1500 ബോട്ടുകളുണ്ട്. ഇതില്‍ അഞ്ഞൂറില്‍ താഴെ മാത്രമാണ് ഇപ്പോള്‍ മത്സ്യബന്ധനത്തിനു പോകുന്നത്. വലിയ തുകയ്ക്ക് ഡീസലടിച്ച് പോകുന്ന ബോട്ടുകാര്‍ക്ക് ഡീസലിന്റെ ചെലവിനു പോലും മത്സ്യം കിട്ടുന്നില്ലെന്ന് ബോട്ടുടമകള്‍ പറയുന്നു. കേരളത്തീരത്ത് ചൂട് കൂടിയതോടെ മീനുകള്‍ കൂട്ടത്തോടെ തീരം വിട്ടതാണ് മീന്‍ കുറയാന്‍ കാരണം.
വലിയ ബോട്ടുകള്‍ ഇടയ്ക്ക് പോകുമെങ്കിലും കാര്യമായി മീന്‍ ലഭിക്കാറില്ല. കഴിഞ്ഞ മൂന്നാഴ്ചയായി ഇതുതന്നെയാണ് അവസ്ഥയെന്ന് തൊഴിലാളികള്‍ പറയുന്നു. ചൂണ്ടപ്പണി ലക്ഷ്യമിട്ടു വിരലിലെണ്ണാവുന്ന ബോട്ടുകാര് മാത്രമാണ് ഇപ്പോള്‍ മീന്‍പിടിത്തത്തിനു പോകുന്നത്. സാധാരണ നവംബര്‍, ഡിസംബര്‍ മാസങ്ങളിലാണ് മീന്‍ കിട്ടാതെ നേരിയ പ്രതിസന്ധി നേരിടാറുള്ളത്.
എന്നാലിപ്പോള്‍ ഫെബ്രുവരി മാസത്തില്‍ തന്നെ വേണ്ടത്ര മത്സ്യലഭ്യതയില്ലാത്ത അവസ്ഥയാണ്.
തമിഴ്നാട്, ഗോവ, കര്‍ണാടക, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ നിന്നാണ് കേരളത്തിലേക്കിപ്പോള്‍ മീനുകളെത്തുന്നത്. കേരള തീരത്ത് സുലഭമായിരുന്ന ചെറുമീനുകളായ മത്തി, അയല, മാന്തള് എന്നിവ ലഭിക്കാനില്ല. ആവോലിയും അയക്കൂറയും കുറഞ്ഞു. കാലാവസ്ഥാ വ്യതിയാനവും അശാസ്ത്രീയമായ മീന്‍പിടിത്തവുമാണ് മീന്കുറയാന് കാരണമെന്ന് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു. വലിയ ബോട്ടുകള്‍ കടലില്‍ പോയി തിരിച്ചുവരണമെങ്കില്‍ ഒരുലക്ഷം രൂപ വരെ ചെലവ് വരും. എന്നാല്‍ ഇതിനനുസരിച്ചുള്ള വരുമാനം ലഭിക്കുന്നില്ല. ഇതോടെ മത്സ്യതൊഴിലാളികളുടെ വിവിധ വായ്പ അടവുകളും തെറ്റി.
വളരെയേറ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് മുന്നോട്ട് പോകുന്നതെന്ന് മത്സ്യതൊഴിലാളികള്‍ പറഞ്ഞു. വലയെറിഞ്ഞിട്ടും മീന്‍ കിട്ടാതായതോടെ പലരും മറ്റു ജോലികള്‍ അന്വേഷിച്ചു തുടങ്ങി. മീന്‍ലഭ്യത കുറഞ്ഞതോടെ ഹാര്‍ബറുകളില്‍ നിന്നുള്ള കയറ്റുമതിയും നാലിലൊന്നായി കുറഞ്ഞു. കാലാവസ്ഥയിലെ മാറ്റം രണ്ടു തരത്തിലാണ് മീനുകളെ ബാധിക്കുന്നത്. കടലിലെ ചൂട് കൂടുന്നതോടൊപ്പം അഥവാ അമ്ലത കൂടും. കാലാവസ്ഥ വ്യതിയാനത്തിനു പുറമെയാണ് അശാസ്ത്രീയ മത്സ്യ ബന്ധനവും.
പെലാജിന് വല ഉപയോഗിച്ചുള്ള മീന്‍പിടിത്തമാണ് ഇതില്‍ പ്രധാനം. പ്രത്യേകമായി തയാറാക്കുന്ന വല രണ്ടു ബോട്ടുകള്‍ ചേര്‍ന്നു വലിക്കുന്ന രീതിയാണു പെലാജിക് മത്സ്യബന്ധനം. ഇത്തരത്തില്‍ വല വലിക്കുമ്പോള്‍ ആ പ്രദേശത്തെ ചെറു മത്സ്യങ്ങള്‍ ഉള്‍പ്പെടെ ഒന്നടങ്കം വലയിലാവും. ഇതു മത്സ്യസമ്പത്ത് പാടേ ഇല്ലാതാകുന്നതിനു കാരണമാകുന്നു.
ഏതാനും വര്‍ഷങ്ങളായി കടലിലെ മത്സ്യലഭ്യത കുറയാനുള്ള പ്രധാന കാരണങ്ങളിലൊന്ന് ഇതു തന്നെയാണ്. ഇത് പരമ്പരാഗത തൊഴിലാളികളും വലിയ ബോട്ടുക്കാരും തമ്മിലുള്ള കലഹത്തിനും ഇടയാക്കുന്നുണ്ട്. കടലിലെ മത്സ്യസമ്പത്ത് സംരക്ഷിക്കാന്‍ അധികൃതര്‍ ഇടപെടണമെന്നാണ് ഉയരുന്ന ആവശ്യം. അതോടൊപ്പം നഷ്ടത്തിലായ മേഖലയെ രക്ഷിക്കാന്‍ ഉടന്‍ പരിഹാരം കാണമെന്നും മത്സ്യതൊഴിലാളികള്‍ ആവശ്യപ്പെടുന്നു.