നെൽകൃഷിയിൽ വിജയഗാഥയുമായി സ്വാശ്രയസംഘം
1263505
Tuesday, January 31, 2023 12:00 AM IST
മാനന്തവാടി: നെൽകൃഷിയിൽ വിജയഗാഥയുമായി തോണിച്ചാൽ യുവജന സ്വാശ്രയ സംഘം. തുടർച്ചയായി പത്താം വർഷമാണ് നെൽകൃഷി ചെയ്ത് സംഘം മാതൃകയാകുന്നത്. സർക്കാർ ജീവനക്കാർ, റിട്ടയേർഡ് ഉദ്യോഗസ്ഥർ, കർഷകർ, നിർമാണ തൊഴിലാളികൾ, അധ്യാപകർ, ജനപ്രതിനിധികൾ എന്നിവരടങ്ങുന്ന 16 അംഗ സംഘം വിവിധങ്ങളായ പ്രവർത്തനങ്ങൾ നടത്തി വരുന്നുണ്ട്. സന്നദ്ധ പ്രവർത്തന രംഗത്തും ഈ കൂട്ടായ്മ സജീവമാണ്. 10 വർഷമായി ജനകീയ നെൽകൃഷിയും വിജയകരമായ രീതിയിൽ തുടരുന്നുണ്ട്. തോണിച്ചാൽ കാവറ്റയിൽ പി.പി. ശിവസുബ്രഹ്മണ്യൻ സൗജന്യമായി നൽകിയ എട്ട് ഏക്കർ വയലിലാണ് കുള്ളൻതൊണ്ടി വിത്ത് ഉപയോഗിച്ച് ഈ വർഷം കൃഷി ചെയ്തത്.
ഈ വർഷം മുതൽ പച്ചക്കറി കൃഷി പുനഃരാരംഭിക്കാനും ലക്ഷ്യമിടുന്നുണ്ട്. കൊയ്ത്തുത്സവം ജില്ലാ പഞ്ചായത്തംഗം കെ. വിജയൻ ഉദ്ഘാടനം ചെയ്തു. സംഘാംഗമായ സംഗീത സംവിധായകൻ ഇ. ദിനേശനെ ചടങ്ങിൽ ആദരിച്ചു. ബ്ലോക്ക് അംഗം ഇന്ദിര പ്രേമചന്ദ്രൻ ഉപഹാരം നൽകി. കൃഷി ഓഫീസർ രജനി, പി.പി. ശിവസുബ്രഹ്മണ്യൻ, ഷീലാ കമലാസൻ എന്നിവർ പ്രസംഗിച്ചു.