രോഗികൾക്ക് ആശ്വാസം; സഞ്ചരിക്കുന്ന കനിവിന് രണ്ട് വയസ്
1335309
Wednesday, September 13, 2023 2:52 AM IST
കൽപ്പറ്റ: 60 വയസ് കഴിഞ്ഞ വയോജനങ്ങളുടെ ആരോഗ്യസംരക്ഷണം ലക്ഷ്യമാക്കി മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന സഞ്ചരിക്കുന്ന ആതുരാലയം കനിവ് മൂന്നാം വർഷത്തിലേക്ക്. നിലവിൽ അറുപതോളം ക്യാന്പുകളിലായി 3600 ഓളം രോഗികൾക്ക് സഞ്ചരിക്കുന്ന ആതുരാലയത്തിന്റെ സേവനം ലഭ്യമാകുന്നുണ്ട്.
ഡോക്ടർ, നഴ്സ്, ഫാർമസിസ്റ്റ്, കോർഡിനേറ്റർ അടങ്ങുന്ന സംഘമാണ് സഞ്ചരിക്കുന്ന ആതുരാലയത്തിന്റെ നെടുംതൂണായി പ്രവർത്തിക്കുന്നത്. വിവിധ പഞ്ചായത്തുകളിലെ തെരഞ്ഞെടുത്ത അങ്കണവാടികളും ഹെൽത്ത് സെന്ററുകളും ഹാളുകളും കേന്ദ്രീകരിച്ചാണ് സഞ്ചരിക്കുന്ന ആതുരാലയം പ്രവർത്തിക്കുന്നത്.
2021 ഓഗസ്റ്റ് 21 ന് ആരോഗ്യമന്ത്രി വീണാ ജോർജാണ് സഞ്ചരിക്കുന്ന ആതുരാലയത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന എടവക, തിരുനെല്ലി, വെള്ളമുണ്ട, തവിഞ്ഞാൽ, തൊണ്ടർനാട് എന്നീ പഞ്ചായത്തുകളിലെ വയോജനങ്ങളുടെ ആരോഗ്യ സംരക്ഷണം ലക്ഷ്യമാക്കിയാണ് പദ്ധതി ആരംഭിച്ചത്.
ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള സ്ഥലങ്ങളെ 13 ഡിവിഷനുകളാക്കി തിരിക്കുകയും ഓരോ ദിവസം തെരഞ്ഞെടുത്ത ഡിവിഷനുകളിൽ കനിവിന്റെ സേവനം ലഭ്യമാക്കുകയും ചെയ്യുന്നുണ്ട്. ഒരു വർഷം 50 ലക്ഷം രൂപ പദ്ധതിയുടെ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുന്നുണ്ട്.