കുറുവ ദ്വീപിൽ പുതുതായി നിർമിച്ച ബാംബു റാഫ്റ്റുകൾ ഉദ്ഘാടനം ചെയ്തു
1458151
Tuesday, October 1, 2024 8:36 AM IST
മാനന്തവാടി: കുറുവദ്വീപ് ഡിഎംസി കേന്ദ്രത്തിലെ പുതിയതായി നിർമിച്ച ബാംബു റാഫ്റ്റുകളുടെ ഉദ്ഘാടനം കുറുവദ്വീപ് ഡിഎംസി ചെയർമാൻ കൂടിയായ പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ. കേളു നിർവഹിച്ചു.
കാലവർഷത്തോട് അനുബന്ധിച്ച് ജൂണ്‍ അവസാനത്തോടെ താൽക്കാലികമായി നിർത്തിവെച്ചിരുന്ന റാഫ്റ്റിംഗ് സർവീസ് പുനരാരംഭിക്കുന്നതിന് 10 ആളുകൾക്ക് കയറാവുന്ന തരത്തിൽ ഉള്ള അഞ്ച് റാഫ്റ്റുകളാണ് പുതിയതായി നിർമ്മിച്ചിട്ടുള്ളത്.
കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ വയനാട് പാക്കേജിന്റെ അതിഥികളായി എത്തിയ വെഞ്ഞാറമൂട് ബജറ്റ് ടൂറിസം സെല്ലിന്റെ യാത്രാ സംഘം ആദ്യസവാരി നടത്തി.
കുറുവദ്വീപിനകത്തേക്ക് വിനോദസഞ്ചാരികൾക്കുള്ള നിയന്ത്രണം വന്ന സാഹചര്യത്തിൽ ആയിരുന്നു 2018 മുതൽ കേന്ദ്രത്തിൽ ബാംബു റാഫ്റ്റിംഗ് സർവീസ് ആരംഭിച്ചത്. കുറുവദ്വീപിന്റെ വന്യസൗന്ദര്യം ആസ്വദിച്ച് കബനി നദിയിലൂടെ 20 മിനുട്ട് ദൈർഘ്യമുള്ള ചങ്ങാടസവാരി ഏറെ ആകർഷകമാണ്.
നിലവിൽ പുതിയതായി നിർമിച്ചിട്ടുള്ള 5 ചങ്ങാടങ്ങൾ 10 പേർക്ക് വീതം കയറാവുന്നതാണ്. 20 മിനുട്ട് ദൈർഘ്യമുള്ള സവാരിക്ക് 2 പേർക്ക് 200 രൂപയും 5 പേർക്ക് വരെ 400 രൂപയുമാണ് ചാർജ് ഈടാക്കുന്നത്. കുറുവദ്വീപിനകത്തേക്ക് സഞ്ചാരികൾക്ക് പ്രവേശനം നൽകുന്നതിനും കയാക്കിംഗ് ആരംഭിക്കുന്നതിനുമുള്ള നടപടികൾ ഉടനെതന്നെ സ്വീകരിക്കും.
ഉദ്ഘാടന ദിവസം 127 സഞ്ചാരികൾ കേന്ദ്രത്തിൽ റാഫ്റ്റിംഗ് നടത്തി. നഗരസഭ ചെയർപേഴ്സണ്‍ സി.കെ. രത്നവല്ലി അധ്യക്ഷത വഹിച്ചു.
ഡിടിപിസി മാനേജർ എം.എസ്. ദിനേശൻ, വൈസ് ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ, ഡിവിഷൻ കൗണ്‍സിലർ റ്റിജി ജോണ്സണ്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ഡി.വി. പ്രഭാത് എന്നിവർ പ്രസംഗിച്ചു.