ഭരണഘടനാദത്തമായ അവകാശങ്ങളുടെ സംരക്ഷണത്തിൽ ജാഗ്രത വേണം: ബിഷപ് ഡോ. വർഗീസ് ചക്കാലക്കൽ
1459474
Monday, October 7, 2024 5:32 AM IST
കൽപ്പറ്റ: ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങളുടെ സംരക്ഷണത്തിൽ സമൂഹം ജാഗ്രത പുലർത്തണമെന്ന് കെആർഎൽസിസി പ്രസിഡന്റും കോഴിക്കോട് രൂപത അധ്യക്ഷനുമായ ഡോ. വർഗീസ് ചക്കാലക്കൽ. പള്ളിക്കുന്ന് ലൂർദ്മാതാ ഹാളിൽ കെആർഎൽസിസി ഇടവകതല ജനജാഗര സമ്മേളനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
അധികാരത്തിൽ പങ്കാളിത്തവും വികസനത്തിൽ സമനീതിയും നിഷേധിക്കപ്പെടുന്ന ജനസമൂഹമാണ് ലത്തീൻ കത്തോലിക്കരെന്ന് ബിഷപ് പറഞ്ഞു. എറണാകുളം ജില്ലയിലെ മുനന്പത്ത് 610 കുടുംബങ്ങൾ രാജ്യത്തെ നിയമങ്ങൾ പാലിച്ച് വിലകൊടുത്ത് സ്വന്തമാക്കിയ ഭൂമിയിലെ അവകാശങ്ങൾ പുനഃസ്ഥാപിക്കുന്നതിന് സർക്കാർ അടിയന്തരമായി ഇടപെടണമെന്നു ബിഷപ് ആവശ്യപ്പെട്ടു. റവ. ഡോ. അലോഷ്യസ് കുളങ്ങര അധ്യക്ഷത വഹിച്ചു.
കെആർഎൽസിസി ജനറൽ സെക്രട്ടറി ഫാ. തോമസ് തറയിൽ, വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, അസോസിയേറ്റ് ജനറൽ സെക്രട്ടറി റവ. ഡോ. ജിജു ജോർജ് അറക്കത്തറ, സംസ്ഥാന ഭാരവാഹികളായ ബിജു ജോസി, മെറ്റിൽഡ മൈക്കിൾ, കോഴിക്കോട് രൂപത ജനറൽ മിനിസ്ട്രി കോ ഓർഡിനേറ്റർ ഫാ.പോൾ എജെ, അല്മായ കമ്മീഷൻ ഡയറക്ടർ ഫാ. വില്യം രാജൻ എന്നിവർ പ്രസംഗിച്ചു.
ലത്തീൻ കത്തോലിക്കാസമൂഹം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ വിലയിരുത്തുകയും പരിഹാര മാർഗങ്ങൾ കണ്ടെത്തുകയുമാണ് സമ്മേളനങ്ങളുടെ ലക്ഷ്യം. സമനീതിയും അവകാശ സംരക്ഷണവും എന്ന മുദ്രവാക്യം ഉയർത്തിയാണ് ഇടവകതല ജനജാഗര സമ്മേളനങ്ങൾ നടത്തുന്നത്. കെആർഎൽസിസി യുടെ ആഭിമുഖ്യത്തിൽ കണ്ണൂർ മുതൽ നെയ്യാറ്റിൻകര വരെയുള്ള 12 ലത്തീൻ രൂപതകളിലെ ആയിരത്തോളം ഇടവകകളിൽ ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിലാണ് ജനജാഗര സമ്മേളനങ്ങൾ.