മണിക്കടവ് സെന്റ് തോമസ് ഹയര്‍ സെക്കൻഡറി സ്കൂള്‍ ജേതാക്കൾ
1396038
Wednesday, February 28, 2024 1:34 AM IST
കണ്ണൂര്‍: പഠന ബോധന പ്രവര്‍ത്തനങ്ങള്‍ സര്‍ഗാത്മകമാക്കാന്‍ ലക്ഷ്യമിട്ടു സംഘടിപ്പിച്ച ഇന്നൊവേറ്റീവ് സ്കൂള്‍ ജില്ലാതല മത്സരത്തില്‍ മണിക്കടവ് സെന്റ് തോമസ് ഹയര്‍ സെക്കൻഡറി സ്കൂള്‍ ഹയര്‍ സെക്കൻഡറി വിഭാഗത്തിൽ ജേതാക്കളായി. 10,000 രൂപയും ഫലകവും സാക്ഷ്യപത്രവുമടങ്ങിയ അവാര്‍ഡ് പ്രിന്‍സിപ്പല്‍ ഷാജി വര്‍ഗീസ് ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ എ.പി. അംബികയില്‍ നിന്ന് ഏറ്റുവാങ്ങി. വിദ്യാര്‍ഥികളില്‍ റോഡ് സുരക്ഷയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും, പ്രായോഗിക പരിശീലനം നല്കുന്നതിനുമായി സെന്റ് തോമസ് ഹയര്‍ സെക്കൻഡറി സ്കൂള്‍ നടപ്പാക്കിയ റോഡ് ഏഞ്ജല്‍സ് പദ്ധതിക്കാണ് ഈ അംഗീകാരം.
പ്രോഗ്രാമിന്റെ ഭാഗമായി റോഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ സംബന്ധിച്ച കാന്പായിനുകൾ, അടിയന്തര സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള പരിശീലന പരിപാടികള്‍, പ്രഥമ ശുശ്രൂഷ, സിപിആര്‍ എന്നിവയില്‍ പരിശീലനം, റോഡ് നിയമങ്ങളെക്കുറിച്ച് സെഷനുകള്‍ തുടങ്ങിയവ നിരവധി പരിപാടികളാണ് സ്കൂള്‍ സംഘടിപ്പിച്ചത്. പ്രിന്‍സിപ്പല്‍ ഷാജി വര്‍ഗീസിന്റെ നേതൃത്വത്തില്‍ വിഭാവനം ചെയ്ത പദ്ധതിയുടെ നിര്‍വഹണ ചുമതല ഇക്കണോമിക്സ് വിഭാഗം അധ്യാപിക ശോഭ ടോമിനായിരുന്നു.
ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഡിപ്പാര്‍ട്ടുമെന്റുമായി ചേര്‍ന്ന് പരിശീലനം, ട്രാഫിക് സിഗ്നലും നിയമങ്ങളും സംബന്ധിച്ച സെഷനുകള്‍, സ്കൂളില്‍ രൂപീകരിച്ച റോഡ് സേഫ്റ്റി ബ്രിഗേഡിന്റെ നേതൃത്വത്തിലുള്ള പ്രചരണ പരിപാടികള്‍, പബ്ലിക് അവയേര്‍നെസ് പ്രോഗ്രാമുകള്‍, മെഡിക്കല്‍ എമര്‍ജന്‍സി കൈകാര്യം ചെയ്യുന്നതിനുള്ള പരിശീലനം എന്നിങ്ങനെ അഞ്ചു ഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കിയത്. സ്കൂള്‍ മാനേജര്‍ ഫാ. പയസ് പടിഞ്ഞാറേമുറി, പിടിഎ പ്രസിഡന്റ് ബിജു പരക്കാട്ട്, അധ്യാപകരായ പ്രസാദ് പി.എ, റിജോ ചാക്കോ, പി.എം. അനുപമ എന്നിവര്‍ പദ്ധതി നിര്‍വഹണത്തിന് നേതൃത്വം നല്കി. തലശേരി രൂപതയുടെ ഏറ്റവും മികച്ച ഹയര്‍ സെക്കൻഡറി സ്കൂളിനുള്ള ബഹുതി ഏറ്റുവാങ്ങിയതിന് തൊട്ടു പിന്നാലെയാണ് മണിക്കടവ് സെന്റ് തോമസിനെ തേടി സമഗ്ര ശിക്ഷാ കേരളം ഇന്നൊവേറ്റീവ് സ്കൂള്‍ അവാര്‍ഡ് എത്തുന്നത്.