വൈശാഖ മഹോത്സവം: താത്കാലിക ശ്രീകോവിലൊരുങ്ങി
1425465
Tuesday, May 28, 2024 2:20 AM IST
കൊട്ടിയൂർ: വൈശാഖ മഹോത്സവത്തിലെ നാല് ആരാധനകളിൽ ആദ്യത്തെ ആരാധനയായ തിരുവോണം ആരാധന 29 ന് നടക്കും. ഇതിന് മുന്നോടിയായുള്ള മണിത്തറയിലെ താത്കാലിക ശ്രീകോവിലിന്റെ നിർമാണം പൂർത്തിയായി.
അതേസമയം മഹോത്സവത്തിന് എത്തുന്ന ഭക്തജനങ്ങൾക്ക് അക്കരെ കൊട്ടിയൂരിൽ മണിത്തറയ്ക്ക് സമീപത്തായി പ്രസാദം വിതരണം ചെയ്യാനുള്ള പ്രത്യേക സംവിധാനം ഒരുക്കി. ഇത് ഭക്തജനങ്ങളെ സംബന്ധിച്ച് ഏറെ ആശ്വാസകരമാണ്.
ഉത്സവം തുടങ്ങിയതിനു ശേഷത്തെ ആദ്യത്തെ ഞായറാഴ്ച ദിവസം സാമാന്യം ഭേദപ്പെട്ട തിരക്കാണ് അനുഭവപ്പെട്ടത്. ഭക്തരുടെ തിരക്ക് കണക്കിലെടുത്താണ് കഴിഞ്ഞദിവസം നടന്ന അടിയന്തര യോഗത്തിൽ പ്രസാദ വിതരണത്തിന് കൂടുതൽ സൗകര്യം ഏർപ്പെടുത്താൻ തീരുമാനിച്ചത്. പുതിയ പ്രസാദ കൗണ്ടർ വന്നതോടെ മണിത്തറയിൽ ദർശനത്തിനുണ്ടാകുന്ന തിരക്ക് വലിയ തോതിൽ കുറയ്ക്കാനും സാധിച്ചു.