സിപിഎമ്മും ഇടതുമുന്നണിയും ശിഥിലമായിക്കൊണ്ടിരിക്കുന്നു: വി.ഡി. സതീശൻ
1459118
Saturday, October 5, 2024 7:14 AM IST
കണ്ണൂർ: സിപിഎമ്മും കേരളത്തിലെ എൽഡിഎഫും ശിഥിലമായിക്കൊണ്ടിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മിഷൻ 2025 തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള ഡിസിസിയുടെ രണ്ടാംഘട്ട അവലോകനയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പിണറായി സർക്കാരിനെതിരായ ജനവികാരം ഓരോ ദിവസവും കഴിയുംതോറും ശക്തമാകുകയാണ്. സിപിഎമ്മിനകത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ ശൈലിക്കെതിരേ വലിയ തോതിലുള്ള അമർഷം രൂപപ്പെടുന്നുണ്ട്. ഇക്കാലമത്രയും പിണറായി വിജയനെ സ്തുതിച്ചു നടന്ന പി.വി. അൻവറിനെ പോലുള്ളവർ ഇപ്പോൾ പിണറായി വിജയന്റെ തനിനിറം എന്തെന്ന് വിളിച്ചു പറയുകയാണ്.
യുഡിഎഫ് നേതാക്കൾ എത്രയോ മുമ്പ് പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ സിപിഎമ്മിന്റെ സഹയാത്രികരും ഇടതുമുന്നണി ഘടകകക്ഷി നേതാക്കളും ആവർത്തിക്കുന്നു. യുഡിഎഫിന് അനുകൂലമായ രാഷ്ട്രീയ അന്തരീക്ഷം തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ പരമാവധി ഉപയോഗപ്പെടുത്താൻ ബൂത്ത്തലങ്ങളിൽ പ്രവർത്തനം സജീവമാക്കണമെന്നും വി.ഡി. സതീശൻ പറഞ്ഞു.
ഡിസിസി ഭാരവാഹികളും ബ്ലോക്ക്, മണ്ഡലം പ്രസിഡന്റുമാരും പങ്കെടുത്ത നേതൃയോഗത്തിൽ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് അധ്യക്ഷത വഹിച്ചു. നേതാക്കളായ സണ്ണി ജോസഫ് എംഎൽഎ, സജീവ് ജോസഫ് എംഎൽഎ, പി.ടി. മാത്യു, പ്രഫ എ.ഡി. മുസ്തഫ, ടി.ഒ. മോഹനൻ, സജീവ് മാറോളി, കെ.സി. മുഹമ്മദ് ഫൈസൽ തുടങ്ങിയവർ പ്രസംഗിച്ചു.