കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെ പാമ്പ് ശല്യം: മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു
1460296
Thursday, October 10, 2024 8:54 AM IST
കണ്ണൂർ: പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലും കോളജ് ഹോസ്റ്റലിലും പാമ്പുകളുടെ ശല്യം രൂക്ഷമായിട്ടും കാടുവെട്ടി തെളിക്കാൻ മെഡിക്കൽ കോളജ് അധികൃതർ നടപടി സ്വീകരിച്ചില്ലെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെടുന്നു. പരിയാരം മെഡിക്കൽ കോളജ് സൂപ്രണ്ട് പരാതി പരിശോധിച്ച് രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.
23ന് കണ്ണൂർ ഗവ.ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.കഴിഞ്ഞദിവസം വിദ്യാർഥികളുടെ ഹോസ്റ്റലിലാണ് പാമ്പിനെ കണ്ടത്. കഴിഞ്ഞയാഴ്ച ആശുപത്രിയിലെ അഞ്ചാം നിലയിലും കാർഡിയോളജി വാർഡിലും പാമ്പ് കയറിയിരുന്നു.
ആശുപത്രി പരിസരം കാട് കയറിയിട്ട് ദിവസങ്ങളായി. വിദ്യാർഥികളും ജീവനക്കാരും ഭീതിയോടെയാണ് വഴി നടക്കുന്നതെന്നും റിപ്പോർട്ടുണ്ട്. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.