സിനി കാര്‍ണിവലിന് തുടക്കമായി
1264487
Friday, February 3, 2023 12:38 AM IST
അമ്പലത്തറ: ജില്ലാ പഞ്ചായത്ത് സംഘടിപ്പിക്കുന്ന ജനകീയ ചലച്ചിത്രോത്സവം കാസര്‍ഗോഡ് സിനി കാര്‍ണിവലിനു തുടക്കമായി. ജില്ലയിലെ തെരെഞ്ഞെടുക്കപ്പെട്ട പത്തു ഗ്രാമകേന്ദ്രങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്ന ഗ്രാമീണചലച്ചിത്ര മേള അമ്പലത്തറയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷന്‍ ഷിനോജ് ചാക്കോ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സി.കെ.അരവിന്ദാക്ഷന്, ജില്ലാ പഞ്ചായത്തംഗം ഫാത്തിമത്ത് ഷംന, സെക്രട്ടറി കെ.പ്രദീപന്, ഫെസ്റ്റിവല്‍ ഡയറക്ടര്‍ ജി.ബി.വത്സന്, പഞ്ചായത്തംഗങ്ങളായ സി.കെ.സവിത, ഇ.വി.കുഞ്ഞമ്പു, രതീഷ് അമ്പലത്തറ എന്നിവര്‍ പ്രസംഗിച്ചു. ഓപ്പണ്‍ ഫോറത്തില്‍ കെ.ബി.സുബിന്, ഡോ.മഞ്ജുള എന്നിവര്‍ മോഡറേറ്ററായി.
രാവിലെ മുതല്‍ രാത്രിവരെ നടന്ന പ്രദര്‍ശനത്തില്‍ കുട്ടികളടക്കം നാനൂറോളം പേര് സിനിമ കാണാനെത്തി . കുട്ടികളുടെ പാക്കേജിന് പുറമെ മീര നായരുടെ ക്വീന്‍ ഓഫ് കാത്വേ, ജയരാജ് സംവിധാനം ചെയ്ത ഒറ്റാല്, ജയന് മാങ്ങാട് സംവിധാനം ചെയ്ത തെയ്യാട്ടം, അമിത് മന്സൂക്കറിന്റെ ന്യൂട്ടണ്‍ എന്നീ സിനിമകള്‍ പ്രദര്‍ശിപ്പിച്ചു. പത്തു ദിവസം നീളുന്ന ഗ്രാമീണ ചലച്ചിത്രോത്സവം കൊടക്കാട് കണ്ണങ്കൈയിലും നടന്നു. ഇന്നു നടക്കാവ് ശ്രീരാഗം മിനി ഓഡിറ്റോറിയത്തിലും നടത്തും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മടിക്കൈ, രാവണേശ്വരം, ഇരിയണ്ണി, മഞ്ചേശ്വരം, ചിറ്റാരിക്കല്‍, കാറഡുക്ക, കുറ്റിക്കോല്‍ എന്നീ സ്ഥലങ്ങളിലും ചലച്ചിത്ര പ്രദര്‍ശനങ്ങള്‍ ഉണ്ടാകും. മേളയില്‍ നിരവധി ചലച്ചിത്ര പ്രവര്‍ത്തകര്‍ പങ്കെടുക്കും.