ഒറ്റക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ജല ഗുണനിലവാര പരിശോധന ലാബ്
1226367
Friday, September 30, 2022 11:16 PM IST
തെന്മല: ജില്ലയില്‍ ആദ്യമായി ഒരു സര്‍ക്കാര്‍ സ്കൂളില്‍ ജല ഗുണനിലവാര പരിശോധന ലാബ് എന്ന നേട്ടം കൈവരിച്ചിരിക്കുകയാണ് ഒറ്റക്കല്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍. നവകേരള മിഷന്റെ ഭാഗമായി തെന്മല ഗ്രാമ പഞ്ചായത്ത് ധനകാര്യ കമ്മിഷൻ ഗ്രാന്റ് ഒന്നര ലക്ഷം രൂപ ചിലവിട്ടാണ് പദ്ധതി നടപ്പിലാക്കിയത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ശശിധരന് ലാബ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തിന്റെ അധീനതയില്‍ വരുന്ന ഹയർ സെക്കൻഡറി സ്കൂളിൽ പഞ്ചായത്ത് ഫണ്ടുകൾ വിനിയോഗിക്കാൻ പരിമിതികൾ ഉണ്ടെന്നും ഇത്തരത്തിൽ പ്രാധാന്യമുള്ള ഒരു പദ്ധതി പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും കെ ശശിധരൻ പറഞ്ഞു. ഒപ്പം ലാബിൽ വിദ്യാർഥികൾക്ക് പുറമെ പുറത്തുള്ളവർക്കും ജലത്തിന്റെ ഗുണനിലവാരം പരിശോധിക്കാൻ സാഹചര്യമൊരുക്കണമെന്നും അദേഹം പറഞ്ഞു.
വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്‍ റ്റി.എ അനീഷ് അധ്യക്ഷത വഹിച്ചു. നവ കേരള മിഷൻ ജില്ലാ കോ ഓർഡിനേറ്റർ എസ്. ഐസക് പദ്ധതി വിശദീകരണം നടത്തി.
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ചന്ദ്രിക സെബാസ്റ്റ്യൻ, സി ചെല്ലപ്പൻ, സുജാത, നാഗരാജ്, പി ടി എ പ്രസിഡന്റ് ആർ സുരേഷ്, പ്രിൻസിപ്പൽ ഡി. ദിലീപ് കുമാർ, പ്രഥമാധ്യാപിക ബിന്ദു, നവകേരള മിഷൻ റിസോഴ്സ് പേഴ്സൺ സ്മിത. വി.നായർ, മാതൃ സമിതി അംഗം സന്ധ്യ തുടങ്ങിയവർ പങ്കെടുത്തു.
സ്കൂളിലെ കെമിസ്ട്രി ലാബിൽ കെമിസ്ട്രി അധ്യാപകരും കുട്ടികളും ചേർന്ന് പൂർത്തിയാക്കിയ ശേഷമാണ് ജലത്തിന്റെ ഗുണനിലവാര പരിശോധന ആരംഭിച്ചത്. ആദ്യ ഘട്ടത്തിൽ സ്കൂളിലെ വിദ്യാർഥികൾക്കാകും സൗജന്യമായി ജലത്തിന്റെ ഗുണനിലവാരം പരിശോധിക്കാൻ സാധിക്കുക.