ഉടുന്പിനെ കൊന്നു പാകം ചെയ്തു ഭക്ഷിച്ച കേസിൽ നാലുപേർ പിടിയിൽ
1263079
Sunday, January 29, 2023 10:35 PM IST
അടിമാലി: ഉടുന്പിനെ കൊന്നു പാകംചെയ്തു കഴിച്ച സംഭവത്തിൽ നാലുപേർ അറസ്റ്റിൽ. വാളറ കെയ്യിക്കൽ കെ.എം. ബാബു (50), വാളറ തൈപ്പറന്പിൽ ടി.കെ. മനോഹരൻ (50), മകൻ മജേഷ് (20), വാളറ അഞ്ചാം മൈൽ സെറ്റിൽമെന്റിലെ പൊന്നപ്പൻ (52) എന്നിവരെയാണ് നേര്യമംഗലം റേഞ്ച് ഓഫീസർ സുനിൽ ലാലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 26നു കൊച്ചി-ധനുഷ്കോടി ദേശീയപാതയ്ക്കു സമീപം മൂന്നുകലുങ്ക് ഭാഗത്തുനിന്നാണ് ആറു കിലോയോളം തൂക്കമുള്ള ഉടുന്പിനെ ഇവർ വേട്ടയാടി പിടിച്ചത്. പിന്നീട് നാലുപേരും ഇറച്ചി വീതംവച്ചെടുത്തു. ഇത് കറിവെച്ച് കഴിക്കുകയും ചെയ്തു. കറിവെയ്ക്കാൻ ഉപയോഗിച്ച പാത്രങ്ങളും ആയുധങ്ങളും ബാക്കി വന്ന ഇറച്ചിയും പിടികൂടി. റെയ്ഡിൽ വാളറ ഡപ്യൂട്ടി റേഞ്ച് ഓഫിസർ സിജി മുഹമ്മദ്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പി.ആർ. ജയപ്രകാശ്, എ.എസ്. രാജു എന്നിവർ പങ്കെടുത്തു.