തളിർമിഴി എർത്ത് ലോർ ഇന്ന് കുളത്തൂപ്പുഴയിൽ
1280634
Friday, March 24, 2023 11:29 PM IST
കുളത്തൂപ്പുഴ: സാംസ്കാരിക വകുപ്പും കേരള സർക്കാരിന്റെ സാംസ്കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവനും ചേർന്ന് സംസ്ഥാനത്തെ അഞ്ചിടങ്ങളിലായി സംഘടിപ്പിച്ചു വന്ന തളിർമിഴി എർത്ത് ലോർ ഇന്ന് കുളത്തൂപ്പുഴയിൽ സമാപിക്കും.
ഗോത്ര കലകളെ പ്രോത്സാഹിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനും ഗോത്ര സമൂഹത്തിന് ഉണർവേകുവാനുള്ള മന്ത്രി സജി ചെറിയാന്റെ നിർദ്ദേശപ്രകാരമാണ് ആദിവാസി ഊരുകളിൽ ഗോത്ര കല യാത്ര സംഘടിപ്പിക്കുന്നത്. അട്ടപ്പാടിയിൽ ഫെബ്രുവരി 26ന് മന്ത്രി സജി ചെറിയാൻ ഉദ്ഘാടന നിർവഹിച്ച ഈ ഗോത്രകലയുടെ സമഗ്രോത്സവം, പാലക്കാട്, വയനാട്, കാസർഗോഡ്, ഇടുക്കി, എന്നിവിടങ്ങളിലെ ഗോത്ര കല അവതരണങ്ങൾക്ക് ശേഷമാണ് കൊല്ലം ജില്ലയിലെ ആദിവാസികൾ ഏറ്റവും കൂടുതൽ തിങ്ങിപ്പാർക്കുന്ന കുളത്തുപ്പുഴ ഗ്രാമപഞ്ചായത്തിൽ ഇന്ന് സമാപിക്കുന്നത്.
ഓരോ ജില്ലയിലും സമയം പദ്ധതിയുടെ ഭാഗമായി വിവിധ മേഖലകളിൽ ശ്രദ്ധേയരായ അഞ്ച് ഗോത്ര വനിതകളെയും തളിർമിഴിയുടെ ഭാഗമായി ഗോത്ര വിഭാഗത്തിലെ അഞ്ച് പുരുഷ വ്യക്തികളെയും തളിർമിഴി എർത്ത് ലോറിന്റെ ഉദ്ഘാടന വേളയിൽ ആദരിക്കും.
ഗോത്ര വിദ്യാർഥികൾക്കായി ക്രാഫ്റ്റ്, ഗോത്ര ഗീതം, എന്നീ ഇനങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിക്കും. ഗോത്ര സമൂഹങ്ങളുടെ ഊരുകൾക്കുള്ളിൽ പ്രകൃതിദത്തമായി ഒരുക്കുന്ന രംഗവേദിയിൽ ആണ് ഗോത്ര കല ആവിഷ്കാരങ്ങൾ അരങ്ങേറുന്നത്.
ഇന്ന് കല്ലുവെട്ടാൻ കുഴി ഫോറസ്റ്റ് മൈതാനിയിൽ തളർമിഴി എർത്ത് ലോർ 2023 സമാപന സമ്മേളനം മന്ത്രി കെ. എൻ. ബാല ഗോപാൽ ഉദ്ഘാടനം ചെയ്യും. മന്ത്രി ജെ. ചിഞ്ചു റാണിയുടെ അധ്യക്ഷത വഹിക്കും.
നാടക ചലച്ചിത്ര സംവിധായകനും ഭാരത് ഭവൻ മെമ്പർ സെക്രട്ടറിയുമായ പ്രമോദ് പയ്യന്നൂർ , പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. എൻ .കെ .പ്രേമചന്ദ്രൻ എംപി, പി .എസ്. സുപാൽ എംഎൽഎ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. അനിൽകുമാർ, വാർഡ് മെമ്പർ സാബു എബ്രഹാം, ഷീജ റാബി, ഭാരത് ഭവൻ നിർവഹണ സമിതി അംഗം റോബിൻ സേവിയർ തുടങ്ങിയവർ പ്രസംഗിക്കും.