തൂലികയുടെ ശക്തിയാകണം സമൂഹത്തെ നയിക്കേണ്ടത്: രമേശ് ചെന്നിത്തല
1430483
Thursday, June 20, 2024 10:56 PM IST
കൊല്ലം : തൂലികയുടെ ശക്തിയാകണം സമൂഹത്തെ നയിക്കേണ്ടതെന്നും ഭരണകൂടങ്ങളുടെ തെറ്റായ നയങ്ങൾക്കെതിരേ വിരൽ ചൂണ്ടാൻ കഴിയുന്ന തിരുത്തൽ ശക്തിയാകേണ്ട എഴുത്തുകാരുടെയും സാംസ്ക്കാരിക പ്രവർത്തകരുടെയും നിർജീവത ഏറെ ആപത്ക്കരമാണന്നും കോൺഗ്രസ് പ്രവർത്തക സമതി അംഗം രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.
വായന വാരത്തോടനുബന്ധിച്ച് കെ പി സി സി വിചാർ വിഭാഗ് കൊല്ലത്ത് സംഘടിപ്പിച്ച വായനോത്സവം 2024 ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തിന്റെ കരുത്താകേണ്ട മാധ്യമങ്ങൾക്ക് കോർപറേറ്റ് വൽക്കരണ ഫലമായുണ്ടായ വലിയ അപചയമാണ് ഈ വർഷത്തെ അബദ്ധ ജഡിലമായ എക്സിറ്റ് പോളുകളിൽ ദൃശ്യമായതെന്നും അദ്ദേഹം പറഞ്ഞു. കെ പി സി സി വിചാർ വിഭാഗ് ജില്ലാ ചെയർമാൻ ജി.ആർ. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു.
വിചാർ വിഭാഗ് ഏർപ്പെടുത്തിയ രണ്ടാമത് വിചാർ വിഭാഗ് പ്രതിഭാപുസ്ക്കാരം സാക്ഷരതാ മിഷൻ മുൻ ഡയറക്ടറും എഴുത്തുകാരനുമായ എം. സുജയ്ക്ക് രമേശ് ചെന്നിത്തല സമ്മാനിച്ചു. 10000 രൂപ ക്യാഷ് അവാർഡും ഫലകവും പ്രശസ്തി പത്രവുമാണ് പുരസ്ക്കാരം. വൈസ് മെൻ ഇൻ്റർനാഷണൽ പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട അഡ്വ. എ.ഷാനവാസ് ഖാന് സ്വീകരണം നൽകി. എംടെക് റാങ്ക് ജേതാവായ ആർദ്രാ ജയച്ചന്ദ്രനും പ്രേം നസിർ സുഹൃദ്സമതി ചാപ്റ്റർ പ്രസിഡന്റ് ഷഹീർ അഞ്ചലിനും ഉപഹാരങ്ങൾ നൽകി. ഡി സി സി പ്രസിഡൻ്റ് പി. രാജേന്ദ്രപ്രസാദ് വായന ദിന സന്ദേശവും എഴുത്തുകാരൻ വി ടി കുരീപ്പുഴ പി എൻ പണിക്കർ അനുസ്മരണവും നടത്തി.
ഡോ. പെട്രീഷ്യ ജോൺ, ചെറുവക്കൽ ഗോപകുമാർ, ജോൺസൺ മേലതിൽ, വെളിയംജയചന്ദ്രൻ സാജു നല്ലേപ്പറമ്പിൽ, മോഹൻ ജോൺ, ചേത്തടി ശശി, ഷാഹുൽ ഹമീദ്, കരീപ്ര രാജേന്ദ്രൻ പിള്ള, ആസാദ് അഷ്ടമുടി, റോസ് ആനന്ദ്, എം കെ ജഹാംഗീർ, കന്നിമേൽ അനിൽകുമാർ എന്നിവർ പ്രസംഗിച്ചു. തുടർന്ന് നടന്ന കവിയരങ്ങിൽ ഇഞ്ചക്കാട് അജയകുമാർ, സി.ബി വിജയകുമാർ, ഷാജി സോപാനം,അരുൾ എൻ എസ് ദേവ്, കെ. രാമചന്ദ്രൻ പിള്ള, ആസാദ് ആശീർവാദ് എന്നിവർ കവിതകൾ അവതരിപ്പിച്ചു.