മീൻപിടിപാറ ടൂറിസം ജലപാതത്തിൽ മാലിന്യം തള്ളുന്നതിനെതിരേ പ്രതിഷേധവുമായി ബിജെപി
1430486
Thursday, June 20, 2024 10:56 PM IST
കൊട്ടാരക്കര: ഡി ടിപി സി നിയന്ത്രണത്തിലുള്ള മീൻപിടി പാറ ടൂറിസം കേന്ദ്രത്തിലെ ജല പാതത്തിൽ മാലിന്യങ്ങൾ ചാക്കിൽ കെട്ടി നിക്ഷേപിക്കുന്നു. സംഭവത്തിൽ പ്രതിഷേധവുമായി ബിജെപി രംഗത്ത്.
നഗരസഭയുടെയും ചെയർമാന്റെയും ഒത്താശയോടെയാണ് മീൻ പിടി പാറ ടൂറിസം നടത്തിപ്പുകാരൻ മാലിന്യങ്ങൾ തള്ളുന്നതെന്നു ബിജെപി നേതാക്കൾ പത്രസമ്മേളനത്തിൽ ആരോപിച്ചു.ജലപാതത്തിൽ മാലിന്യം തള്ളുന്ന ദൃശ്യങ്ങൾ ഉൾപ്പടെ പുറത്തു വിട്ടാണ് ബിജെപി ആരോപണമുന്നയിച്ചിരിക്കുന്നത്. ചേലോടെ കൊട്ടാരക്കര എന്ന ശുചിത്വ പദ്ധതി ഉദ് ഘാടനം ചെയ്തതല്ലാതെ ഒരിഞ്ചുപോലും ഇക്കാര്യത്തിൽ മുന്നോട്ടു പോകാൻ നഗരസഭക്ക് കഴിഞ്ഞിട്ടില്ല.
കൊട്ടാരക്കര നഗരം മാലിന്യ കൂമ്പരമായി മാറിയിരിക്കുന്നു. പുലമൺ തോട് നവീകരിച്ച് സംരക്ഷിക്കുമെന്ന് പല തവണ പ്രഖ്യാപിച്ചിട്ടാണ് ടൂറിസം കേന്ദ്രത്തിലെ മാലിന്യം ഉൾപ്പടെ പുലമൺ തോട്ടിലേക്ക് തള്ളുന്നത്. മാലിന്യ നിക്ഷേപവുമായി ബന്ധപ്പെട്ട് നഗരസഭയ്ക്ക് ഒഴിഞ്ഞു മാറാൻ കഴിയില്ലെന്നും ഇത് സംബന്ധിച്ച് ബിജെപി പ്രതിഷേധം സംഘടിപ്പിക്കുകയും കേന്ദ്ര ടൂറിസം സഹ മന്ത്രി സുരേഷ് ഗോപിക്കു പരാതി നൽകുമെന്നും ബി ജെ പി നേതാക്കൾ വ്യക്തമാക്കി.
പത്ര സമ്മേളനത്തിൽ ബിജെപി മണ്ഡലം പ്രസിഡന്റ് അനീഷ് കിഴക്കേക്കര, ജനറൽ സെക്രട്ടറി അരുൺ കാടാംകുളം, വൈസ് പ്രസിഡന്റ് പ്രസാദ് പള്ളിക്കൽ, മീഡിയ സെൽ കൺവീനർ ബി . സുജിത്, ഏരിയ പ്രസിഡന്റ് ഗിരീഷ് കുമാർ, സെക്രട്ടറി ഉമേഷ് എന്നിവർ പങ്കെടുത്തു