റാന്നി കാത്തലിക് കൺവൻഷൻ നാളെ മുതൽ
1261850
Tuesday, January 24, 2023 10:35 PM IST
പത്തനംതിട്ട: 59-ാമത് റാന്നി കാത്തലിക് കൺവൻഷൻ നാളെ മുതൽ 29 വരെ സെന്റ് മേരീസ് സെൻട്രൽ സ്കൂൾ ഓഡിറ്റോറിയത്തിലെ പോപ്പ് ബനഡിക്ട് പതിനാറാമൻ നഗറിൽ നടക്കും. റാന്നിയിലും സമീപ പ്രദേശങ്ങളിലുമുള്ള കത്തോലിക്ക ഇടവകകളുടെ സംയുക്താഭിമുഖ്യത്തിലാണ് കൺവൻഷൻ സംഘടിപ്പിച്ചിരിക്കുന്നതെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
നാളെ വൈകുന്നേരം ഗാനശുശ്രൂഷയെത്തുടർന്ന് മലങ്കര കത്തോലിക്ക സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ കൺവൻഷൻ ഉദ്ഘാടനം ചെയ്യും. കൂരിയ ബിഷപ് ഡോ.ആന്റണി മാർ സിൽവാനോസ് വചനസന്ദേശം നൽകും.
27നു ഫാ.ഡാനി കപ്പൂച്ചിനും 28നു ചങ്ങനാശേരി സഹായ മെത്രാൻ മാർ തോമസ് തറയിലും വചനസന്ദേശം നൽകും. 29നു രാവിലെ എട്ടിന് കൺവൻഷൻ നഗറിൽ തിരുവല്ല ആർച്ച് ബിഷപ് ഡോ. തോമസ് മാർ കൂറിലോസിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന. തുടർന്ന് 2021-22 കാലയളവിൽ വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ചവരെ ആദരിക്കും.
ഫാ. തോമസ് മുണ്ടിയാനിക്കൽ പ്രസിഡന്റായ കമ്മിറ്റിയാണ് കൺവൻഷൻ ക്രമീകരണങ്ങൾക്കു നേതൃത്വം നൽകുന്നത്. റാന്നി മേഖല വികാരി ഫാ.ഷാജി യോഹന്നാൻ ചെറുപാലത്തിങ്കൽ, സെന്റ് മേരീസ് സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ ഫാ. സ്കറിയ പുത്തൻപുരയ്ക്കൽ, ഫാ. ചെറിയാൻ മണപ്പുറത്ത്, കൺവൻഷൻ സെക്രട്ടറി ജെയ്സൺ ചിറയ്ക്കൽ, ടി.എസ്. ജോർജ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.