പത്തനംതിട്ട: മലയോര മേഖലയ്ക്ക് ആശ്വാസം പകർന്നു കെഎസ്ആർടിസി പുതിയ ദീർഘദൂര ബസുകൾ ആരംഭിച്ചു. കോവിഡ് കാലത്തു മുടങ്ങിപ്പോയ സർവീസുകൾ അടക്കമാണിത്.
പുതുതായി തുടങ്ങിയ ബസുകളിലേറെയും പത്തനംതിട്ട, റാന്നി, എരുമേലി വഴിയാണ്. പുനർനിർമാണം പൂർത്തിയാകുന്ന പുനലൂർ- മൂവാറ്റുപുഴ സംസ്ഥാന പാതയിലൂടെ കൂടുതൽ ബസുകൾ തുടങ്ങാനുള്ള തീരുമാനത്തെത്തുടർന്നാണ് രാത്രികാല ബസുകളടക്കം ഇതുവഴി ഒാടിത്തുടങ്ങിയത്
പാടിച്ചിറ ബസ്
പത്തനംതിട്ടയിൽനിന്നു പാടിച്ചിറ ബസ് പുനരാരംഭിച്ചതാണ് ഇതിൽ പ്രധാനം. കോവിഡിനു ശേഷം മുടങ്ങിക്കിടന്ന ബസ് ഏറെ സമ്മർദത്തിനൊടുവിലാണ് ആരംഭിച്ചിരിക്കുന്നത്.
വൈകുന്നേരം 5.40നു പത്തനംതിട്ടയിൽനിന്നു പുറപ്പെടുന്ന പാടിച്ചിറ ബസ് റാന്നി, എരുമേലി, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, പാലാ, കുറുവിലങ്ങാട്, തലയോലപ്പറന്പ്, വൈറ്റില വഴി രാത്രി 10.10ന് എറണാകുളത്തെത്തും. അവിടെ നിന്നു തൃശൂർ, കോഴിക്കോട്, മാനന്തവാടി, പുൽപ്പള്ളി വഴി പിറ്റേന്നു രാവിലെ 9.10നാണ് പാടിച്ചിറയിലെത്തുക.
തിരികെ പത്തനംതിട്ടയ്ക്കുള്ള ബസ് രാത്രി 7.30നാണ് പാടിച്ചിറയിൽനിന്നു പുറപ്പെടുന്നത്. പുലർച്ചെ 5.40നു എറണാകുളത്തും രാവിലെ പത്തിനു പത്തനംതിട്ടയിലുമെത്തും.
കാഞ്ഞങ്ങാട് - പുനലൂർ റൂട്ടിൽ ഇന്നു മുതൽ മറ്റൊരു ദീർഘദൂര ബസ് പുതുതായി ആരംഭിക്കും. ചിറ്റാരിക്കൽ, ആലക്കോട്, കണ്ണൂർ, കോഴിക്കോട്, തൃശൂർ, എറണാകുളം, തൃപ്പൂണിത്തുറ, വൈക്കം, കടുത്തുരുത്തി, പാലാ, ഭരണങ്ങാനം, ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, എരുമേലി, റാന്നി, പത്തനംതിട്ട, കോന്നി വഴിയാണ് ബസ് പുനലൂരിലെത്തുക. എല്ലാ ദിവസവും ഉച്ചയ്ക്ക് ഒന്നിനു കാഞ്ഞങ്ങാടുനിന്നും രണ്ടിനു പുനലൂരിൽനിന്നും ബസ് പുറപ്പെടും.
നെടുങ്കണ്ടം, എറണാകുളം
നെടുങ്കണ്ടം- കൊട്ടാരക്കര റൂട്ടിൽ മറ്റൊരു ബസും ഇന്നു തുടങ്ങും. പുലർച്ചെ 4.30ന് നെടുങ്കണ്ടത്തുനിന്നു പുറപ്പെടുന്ന ബസ് രാവിലെ 8.50ന് റാന്നിയിലും 9.15ന് പത്തനംതിട്ടയിലും 10.05ന് കൊട്ടാരക്കയിലുമെത്തും. തിരികെ ഉച്ചകഴിഞ്ഞ് 1.30ന് കൊട്ടാരക്കരയിൽനിന്ന് പുറപ്പെട്ട് 2.35ന് പത്തനംതിട്ടയിലും 3.05ന് റാന്നിയിലും നാലിന് കാഞ്ഞിരപ്പള്ളിയിലുമെത്തും. രാത്രി ഏഴിന് നെടുങ്കണ്ടത്ത് എത്തുന്ന തരത്തിലാണ് സമയക്രമീകരണം.
ചെങ്ങന്നൂർ ഡിപ്പോയിൽനിന്നു പത്തനംതിട്ട വഴിയുള്ള കൊക്കയാർ, കൊട്ടാരക്കര- കുമളി ബസുകളും പുനരാരംഭിച്ചിട്ടുണ്ട്. മലബാർ മേഖലയിലേക്കുള്ള കോട്ടയം, തൃശൂർ, വഴിക്കടവ് ബസും പത്തനംതിട്ടയിൽനിന്നു പുനരാരംഭിച്ചു. പത്തനംതിട്ടയിൽനിന്നുള്ള മൂന്ന് എറണാകുളം ബസുകളും പുനരാരംഭിക്കും.
എറണാകുളം ബസ്
വെച്ചൂച്ചിറയിൽനിന്നുള്ള എറണാകുളം ബസ് പുനരാരംഭിച്ചിട്ടുണ്ട്. പുലർച്ചെ 4.20ന് പത്തനംതിട്ടയിൽനിന്നു പുറപ്പെടുന്ന ബസ് റാന്നി, വെച്ചൂച്ചിറ, എരുമേലി, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, തൊടുപുഴ, മൂവാറ്റുപുഴ, പട്ടിമറ്റം, വീഗാലാൻഡ്, കാക്കനാട് വഴിയാണ് എറണാകുളത്തെത്തുന്നത്. വെച്ചൂച്ചിറയിൽ 5.10ന് ബസെത്തും. എറണാകുളത്തുനിന്ന് ഉച്ചയ്ക്കു 12നു പുറപ്പെട്ട് വൈകുന്നേരം 5.45ന് പത്തനംതിട്ടയിലെത്തും. പുലർച്ചെ അഞ്ചിനുള്ള മലയാലപ്പുഴ - എറണാകുളം ബസും 6.10നുള്ള പത്തനംതിട്ട- എറണാകുളം ബസും പുനരംഭിച്ചിട്ടുണ്ട്.
ചന്ദനക്കാംപാറ
സൂപ്പർഫാസ്റ്റ്
പത്തനാപുരം ഡിപ്പോയിൽനിന്നു ചന്ദനക്കാംപാറയിലേക്കു പുതിയ സൂപ്പർഫാസ്റ്റ് ബസ് ആരംഭിച്ചു.
കോന്നി, പത്തനംതിട്ട, കോഴഞ്ചേരി, തിരുവല്ല, കോട്ടയം, ഏറ്റുമാനൂർ, കടുത്തുരുത്തി, തലയോലപ്പറന്പ്, കാഞ്ഞിരമറ്റം, വൈറ്റില, എറണാകുളം, വരാപ്പുഴ, കൊടുങ്ങല്ലൂർ, ഗുരുവായൂർ, കുറ്റിപ്പുറം, കോട്ടയ്ക്കൽ, കോഴിക്കോട്, മാഹി, തലശേരി, കൂത്തുപറന്പ്, ഇരിട്ടി, ശ്രീകണ്ഠപുരം, പയ്യാവൂർ വഴിയാണ് ചന്ദനക്കാംപാറയിൽ ബസെത്തുക.
മല്ലപ്പള്ളി വഴി വൈറ്റില
പുനലൂർ- മല്ലപ്പള്ളി- കോട്ടയം റൂട്ടിൽ വൈറ്റിലയിലേക്കും പുതിയ ബസ് ഓടിത്തുടങ്ങി. പുനലൂരിൽനിന്നു പുലർച്ചെ 5.10ന് പുറപ്പെട്ട് പത്തനംതിട്ടയിൽ 6.15നും മല്ലപ്പള്ളിയിൽ 7.10നും എത്തും. കോട്ടയത്ത് ഒന്പതിനെത്തുന്ന ബസ് തലയോലപ്പറന്പ് വഴി 9.58ന് വൈറ്റിലയിലെത്തും.
തിരികെ 2.20ന് വൈറ്റില ഹബിൽനിന്നു പുറപ്പെട്ട് 4.40ന് കോട്ടയത്തും 5.30ന് മല്ലപ്പള്ളിയിലും 6.25ന് പത്തനംതിട്ടയിലും രാത്രി 7.30ന് പുനലൂരിലുമെത്തും. കോട്ടയം മെഡിക്കൽ കോളജ് വഴിയാണ് ബസോടുന്നത്.
അഞ്ചൽ- മുണ്ടക്കയം ചെയിൻ സർവീസ്
പിഎം റോഡിലൂടെ അഞ്ചൽ- മുണ്ടക്കയം റൂട്ടിൽ ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി ചെയിൻ സർവീസിന് അനുമതിയായിട്ടുണ്ട്. 22 ബസുകളുപയോഗിച്ചാണ് സർവീസ് നടത്തുന്നത്. പത്തനംതിട്ട, പുനലൂർ ഡിപ്പോകളിൽ നിന്ന് ഏഴു വീതവും പത്തനാപുരം, പൊൻകുന്നം ഡിപ്പോൾ മൂന്നു വീതവും എരുമേലി ഡിപ്പോ രണ്ടു ബസുകളും ചെയിൻ സർവീസിനായി ഉപയോഗിക്കും.
മുണ്ടക്കയത്തിന് 38 ട്രിപ്പുകളും അഞ്ചലിലേക്ക് 44 ട്രിപ്പുകളുമാണ് ആകെയുണ്ടാകുക. 20 മിനിറ്റ് ഇടവേളകളിലാണ് ബസുകളോടുക. മുണ്ടക്കയത്തുനിന്നുള്ള ആദ്യ ട്രിപ്പ് പുലർച്ചെ 4.55ന് തുടങ്ങും. അഞ്ചലിൽനിന്നു മുണ്ടക്കയത്തിനുള്ള ആദ്യ ബസ് 5.40നാണ് പുറപ്പെടുന്നത്. രണ്ടു സ്ഥലങ്ങളിലും രാത്രി 9.10ന് ട്രിപ്പുകൾ അവസാനിക്കും.