അടൂർ ടൗൺ ഗവൺമെന്റ് സ്കൂളിൽ മോഷണം
1264259
Thursday, February 2, 2023 10:27 PM IST
അടൂർ: നഗരമധ്യത്തിലെ സർക്കാർ സ്കൂളിൽ മോഷണം. പാർഥസാരഥി ക്ഷേത്രം ജംഗ്ഷനിലെ എൽപി, യുപി സ്കൂളുകളിലാണ് കഴിഞ്ഞരാത്രിയിൽ മോഷണവും സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളും അരങ്ങേറിയത്.
യുപി സ്കൂൾ ഓഫീസിന്റെ പൂട്ട് തകർത്തു അകത്തു കയറിയ മോഷ്ടാക്കൾ അലമാരകൾ കുത്തിത്തുറന്നു ലാപ്ടോപ്പ് മോഷ്ടിച്ചു. എൽപി സ്കൂളിലെ മൂന്ന് അലമാരകളും കുത്തി തുറന്നിട്ടുണ്ട്. സാധനങ്ങൾ വലിച്ചു വാരിയിട്ട നിലയിലാണ്. സ്കൂളിനുള്ളിലിരുന്ന് മോഷ്ടാക്കൾ മദ്യപിച്ചതിന്റെ ലക്ഷണങ്ങളുമുണ്ട് സ്കൂളിനോടു ചേർന്ന ബിആർസി സെന്ററിന്റെ ജനൽച്ചില്ലകൾ തകർത്തു. കെട്ടിടത്തിനു സമീപത്തു നിന്ന് കമ്പിപ്പാര, തൂമ്പ തുടങ്ങിയ ആയുധങ്ങൾ കണ്ടെത്തി. ഒരു മാസത്തിനുള്ളിൽ രണ്ടാം തവണയാണ് സ്കൂളിൽ മോഷണം നടക്കുന്നത്. മുന്പും സ്കൂളിൽ നിരവധി തവണ മോഷണങ്ങൾ നടന്നിട്ടുണ്ട്. ഇന്നലെ രാവിലെ സ്കൂൾ ശുചീകരണത്തിനെത്തിയ ജീവനക്കാരിയാണ് മോഷണം നടന്ന വിവരം ആദ്യം അറിഞ്ഞത്.
എൽപിഎസിന്റെ അടുക്കള പുരയുടെ താഴ് തുറന്ന് അകത്ത് കയറിയ മോഷ്ടാക്കൾ ആഹാരം പാചകം ചെയ്ത് കഴിച്ച ശേഷം പലവ്യഞ്ജന സാധനങ്ങൾ മോഷ്ടിച്ചു. പാത്രങ്ങൾ സ്കൂൾ പരിസരത്ത് ഉപേക്ഷിച്ചിട്ടുണ്ട്. എൽപി സ്കൂളിൽ തുടർച്ചയായ ആറാം തവണയാണ് മോഷണം നടക്കുന്നത്. പല തവണകളിലായി കിണറിന്റെ മോട്ടോർ, മറ്റ് ഇലക്ട്രിക്, ഇലക്ട്രോണിക്സ് സാധനങ്ങൾ, പണി ആയുധങ്ങൾ, പല വ്യഞ്ജനങ്ങൾ ഉൾപ്പെടെ മോഷണം പോയിട്ടുണ്ട്. പോലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.