കുരിശിന്റെ വഴി ഇന്ന്...
1282590
Thursday, March 30, 2023 10:29 PM IST
അടൂർ: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ അടൂർ വൈദീക ജില്ലയിലെ 16 ദേവാലയങ്ങളുടെയും സ്ഥാപനങ്ങളുടെയും സംയുക്താഭിമുഖ്യത്തിൽ നോമ്പിലെ നാല്പതാം വെള്ളിയാഴ്ചയായ ഇന്നു വൈകുന്നേരം അഞ്ചിന് കുരിശിന്റെ വഴി ക്രമീകരിക്കും.
അടൂർ വടക്കേടത്തുകാവ് സെന്റ് ഇഗ്നേഷ്യസ് യാക്കോബായ സുറിയാനി പള്ളിയിൽ സംഗമിക്കുന്ന വിശ്വാസികൾ പീഡാനുഭവ വഴികളെ ധ്യാനിച്ചും പ്രാർഥിച്ചും അടൂർ തിരുഹൃദയ ദേവാലയത്തിലേക്കു കുരിശിന്റെ വഴിയായി നീങ്ങും.
സെന്റ് ഇഗ്നേഷ്യസ് യാക്കോബായ പള്ളിയിൽ യാക്കോബായ സഭ കൊല്ലം ഭദ്രാസനാധിപൻ മാത്യൂസ് മാർ തേവോദോസിയോസ് മെത്രാപ്പോലീത്ത പ്രാരംഭ പ്രാർഥനയും ആശിർവാദവും നൽകും. പത്തനംതിട്ട രൂപതാധ്യക്ഷൻ ഡോ. സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്ത സമാപന സന്ദേശം നൽകും. ജില്ലാ വികാരി ഫാ. ശാന്തൻ ചരുവിൽ, കൺവീനർ ഫാ. ജോസഫ് കടകംപള്ളിൽ, ജോയിന്റ് കൺവീനർ ഫാ. തോമസ് മുകളുവിളയിൽ, വൈദികർ, അല്മായ നേതാക്കൾ തുടങ്ങിയവർ നേതൃത്വം നൽകും.
വാളക്കുഴിയിൽ
വാളക്കുഴി: നാല്പതാം വെള്ളിയോടനുബന്ധിച്ച് ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് കുരിശുമുട്ടം സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയിൽ നിന്നു വാളക്കുഴി സെന്റ് ജോസഫ് പള്ളിയിലേക്കു കുരിശിന്റെ വഴി ക്രമീകരിക്കും. പീഡാനുഭവ സ്മരണയിൽ പ്രത്യേക പ്രാർഥനകളോടെയും ശുശ്രൂഷകളോടെയുമാണ് കുരിശിന്റെ വഴിയുടെ ക്രമീകരണം. ഫാ. മാത്യു തടത്തിൽ, ഫാ. വർഗീസ് ഈരാച്ചേരിൽ എന്നിവർ നേതൃത്വം നല്കും.
നിലയ്ക്കലിലേക്ക്
സീതത്തോട്: എംസിവൈഎം സീതത്തോട് വൈദികജില്ലയുടെ ആഭിമുഖ്യത്തിൽ കുരിശിന്റെ വഴി ഇന്നു രാവിലെ 9.30ന് ആങ്ങമൂഴി കുരിശിങ്കൽ നിന്നാരംഭിക്കും. നിലയ്ക്കൽ സെന്റ് തോമസ് എക്യുമെനിക്കൽ ദേവാലയത്തിലേക്കു നടക്കുന്ന കുരിശിന്റെ വഴിയിൽ വൈദികരും സന്യസ്തരും യുവജനങ്ങളും പങ്കെടുക്കും.
കുന്പഴയിൽ
കുന്പഴ: നാല്പതാം വെള്ളി ആചരണത്തോടനുബന്ധിച്ച് ഇന്നു വൈകുന്നേരം 5.30ന് കുന്പഴ സെന്റ് മേരീസ് കത്തോലിക്കാ പള്ളിയുടെ വെട്ടൂർ കുരിശടിയിൽ നിന്നു മുട്ടുമൺ കുരിശടിയിലേക്ക് കുരിശിന്റെ വഴി നടത്തും. ഫാ. ജോൺസൺ പാറയ്ക്കൽ, സിസ്റ്റർ ദർശന എസ്ഐസി എന്നിവർ നേതൃത്വം നൽകും.
മല്ലപ്പള്ളിയിൽ
മല്ലപ്പള്ളി: പീഡാസഹനയാത്രയെ അനുസ്മരിച്ച് വിശുദ്ധ കുരിശിന്റെ വഴി ഇന്നു വൈകുന്നേരം അഞ്ചിന് മല്ലപ്പള്ളിയിൽ നടക്കും. മല്ലപ്പള്ളി സെന്റ് ഫ്രാൻസിസ് സേവ്യർ തീർഥാടന ദൈവാലയത്തിൽ നിന്ന് ആരംഭിച്ച്, ചെങ്ങരൂർ സെന്റ് ജോർജ് മഹത്തായ ദേവാലയത്തിലേക്കാണ് കുരിശിന്റെ വഴി. വിശ്വാസികൾ കുരിശും വഹിച്ച് പങ്കെടുക്കും. ഫാ.ഡോ. തോമസുകുട്ടി പതിനെട്ടിൽ, ഫാ. മനോജ് വട്ടമറ്റം തുടങ്ങിയവർ നേതൃത്വം നൽകും.