മല്ലപ്പള്ളി സ്വദേശിനി കൊച്ചിയിൽ വാഹനാപകടത്തിൽ മരിച്ചു
1459889
Wednesday, October 9, 2024 6:12 AM IST
മല്ലപ്പള്ളി: കൊച്ചിയിൽ കാർ ലോറിക്കു പിന്നിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മല്ലപ്പള്ളി സ്വദേശിനി മരിച്ചു. കീഴ്വായ്പൂര് തെക്കേമുറിയിൽ പ്രമോദിന്റെ ഭാര്യ രശ്മി പ്രമോദാണ് (38) മരിച്ചത്. കാറിലുണ്ടായിരുന്ന രശ്മിയുടെ ഭർത്താവ് പ്രമോദ്, ഏകമകൻ ആരോൺ എന്നിവർക്കും പരിക്കേറ്റു. ഇരുവരും ചികിത്സയിലാണ്.
ഇന്നലെ പുലർച്ചെ കുമ്പളം ടോൾ പ്ലാസക്ക് സമീപമാണ് അപകടമുണ്ടായത്.കൊച്ചിയിൽനിന്ന് ബംഗളൂരുവിലേക്ക് പോകുന്പോഴാണ് അപകടം. കാർ വെട്ടിപ്പൊളിച്ചാണ് മൂവരെയും പുറത്തെടുത്തത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും രശ്മിയുടെ ജീവൻ രക്ഷിക്കാനായില്ല. മകൻ ആരോണിന് നിസാര പരിക്കുകളാണ്. പ്രമോദിന് തലയ്ക്ക് പരിക്കുണ്ട്.
കരുനാഗപ്പള്ളി ഫൈഡസ് അക്കാഡമി എംഡിയാണ് രശ്മി. ചങ്ങാനാശേരിയിലും കോഴഞ്ചേരിയിലും ശാഖകളുണ്ട്. ചവറ കെഎംഎംഎൽ റിട്ട. എൻജിനിയർ കരുനാഗപ്പള്ളി കണ്ണാടിയിൽ ബാബുവിന്റെയും ലിസിയുടെയും മകളാണ് രശ്മി. ബിഫാം ബിരുദധാരിയാണ്. അടുത്തയിടെ എൽഎൽബിയും കരസ്ഥമാക്കിയിരുന്നു.
കീഴ്വായ്പൂര് തെക്കേമുറിയിൽ എം.ഇ. വർഗീസിന്റെയും റിട്ട. അധ്യാപിക അമ്മുക്കുട്ടി വർഗീസിന്റെയും മകനാണ് പ്രമോദ്. രശ്മിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം കരുനാഗപ്പള്ളിയിലെ വസതിയിലെ പൊതുദർശനത്തിനുശേഷം മല്ലപ്പള്ളി കീഴ്വായ്പൂര് വസതിയിലെ ശുശ്രൂഷകൾക്കുശേഷം മല്ലപ്പള്ളി മാർത്തോമ്മ പള്ളിയിൽ പിന്നീട് സംസ്കരിക്കും.