സമഗ്ര റോഡ് വികസനം ലക്ഷ്യം: മന്ത്രി മുഹമ്മദ് റിയാസ്
1460663
Saturday, October 12, 2024 2:17 AM IST
കോന്നി: ദേശീയപാതകൾ, മലയോര ഹൈവേ, തീരദേശ ഹൈവേ തുടങ്ങി ഗ്രാമീണ റോഡുകൾ വരെ ഉന്നതനിലവാരത്തിൽ നിർമിച്ചുകൊണ്ടുള്ള സമഗ്ര വികസനമാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കോന്നി സർക്കാർ മെഡിക്കൽ കോളജ് റോഡിന്റെ നിർമാണോദ്ഘാടനം ഓൺലൈനായി നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സർക്കാർ 14 കോടി രൂപ കോന്നി മെഡിക്കൽ കോളജ് റോഡിന്റെ നിർമാണത്തിനായി അനുവദിച്ചിട്ടുണ്ട്. മെഡിക്കൽ കോളജിനോടു ചേർന്ന 1.15 കിലോമീറ്റർ റോഡിന്റെ നവീകരണം പൂർത്തിയായി. മുരിങ്ങമംഗലം മുതൽ വട്ടമൺ വരെയുള്ള 2.8 കിലോമീറ്റർ റോഡും വട്ടമൺ മുതൽ പയ്യനാമൺ വരെയുള്ള 1.9 കിലോമീറ്റർ റോഡുമാണ് രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തി നവീകരിക്കുന്നത്.
12 മീറ്റർ വീതിയിൽ ആധുനിക നിലവാരത്തിൽ റോഡുകളുടെ നിർമാണം പൂർത്തിയാക്കുന്നതോടെ മെഡിക്കൽ കോളജിലേക്കുള്ള ഗതാഗതസൗകര്യം ഏറെ മെച്ചപ്പെടുമെന്നും മന്ത്രി പറഞ്ഞു.
കോന്നി മെഡിക്കൽ കോളേജിലെ മൂന്നാം ബാച്ച് വിദ്യാർഥികളുടെ പ്രവേശനം തിങ്കളാഴ്ച ആരംഭിക്കുമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച കെ.യു. ജനീഷ് കുമാർ എംഎൽഎ പറഞ്ഞു. കോന്നി കെഎസ്ആർടിസി ഡിപ്പോയുടെ നവീകരണം രണ്ടുമാസത്തിനകം പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോന്നി ആനകുത്തി ജംഗ്ഷനിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണൻ, അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയ്, വൈസ് പ്രസിഡന്റ് മണിയമ്മ രാമചന്ദ്രൻ, കോന്നി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ തുളസിമണിയമ്മ തുടങ്ങിയവർ പ്രസംഗിച്ചു.