സ്കൂൾമുറ്റത്ത് ഒരുങ്ങി കണ്ണഞ്ചിപ്പിക്കും പാർക്ക്
1278698
Saturday, March 18, 2023 11:07 PM IST
അമ്പലപ്പുഴ: സ്കൂൾ മുറ്റത്ത് കുരുന്നുകൾക്ക് കളിച്ചുല്ലസിക്കാൻ കണ്ണഞ്ചിപ്പിക്കുന്ന പാർക്കൊരുങ്ങി. പുന്നപ്ര ഗവൺമെന്റ് ജെബി സ്കൂൾ അങ്കണത്തിലാണ് വർണ്ണക്കൂടാരമെന്ന പേരിൽ സ്കൂൾ മുറ്റത്ത് പാറക്കെട്ടിലൂടെ കുത്തിയൊഴുകുന്ന വെള്ളച്ചാട്ടവും പറവകളും മാനും മയിലും ജിറാഫും ഏറുമാടവുമെല്ലാമായി പച്ച പുൽത്തകിടിയുടെ മനോഹാരിതയിൽ വിസ്മയകരമായ പാർക്ക് ഒരുക്കിയത്.
പത്തുലക്ഷത്തിലധികം രൂപ ചെലവിൽ നിർമിച്ച പാർക്ക് എ.എം. ആരിഫ് എംപി കുട്ടികൾക്ക് തുറന്നു നൽകി. എച്ച്. സലാം എംഎൽഎ, പുന്നപ്ര തെക്ക് പഞ്ചായത്ത് എന്നിവരുടെ സഹകരണത്തോടെ വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം അക്ഷരാർത്ഥത്തിൽ ഏറ്റെടുത്ത് പൂർത്തിയാക്കിയ വർണക്കൂടാരം ജില്ലയിൽ ആദ്യത്തേതാണ്.
ഉദ്ഘാടന സമ്മേളനത്തിൽ എച്ച്. സലാം എംഎൽഎ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീബാ രാകേഷ് പാർക്ക് ഒരുക്കിയ ആർട്ടിസ്റ്റ് നടേശൻ, ശിൽപ്പി സന്തോഷ് ടി. രാജ് എന്നിവരെ അനുമോദിച്ചു.പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ജി. സൈറസ്, വൈസ് പ്രസിഡന്റ് സുധർമ ഭുവനചന്ദ്രൻ, എൻ. കെ. ബിജുമോൻ, പി.പി. ആന്റണി, സുലഭ , എസ്എംസി ചെയർമാർ എസ്. രതീഷ്, ബി. നിജീറ, എസ്. തസ്ലിമ, എസ്. നിയാസ് എന്നിവർ പ്രസംഗിച്ചു. എച്ച്എം എം.എം. അഹമ്മദ് കബീർ സ്വാഗതം പറഞ്ഞു.