റിസോർട്ട് ജീവനക്കാരന്റെ മൃതദേഹം ആറ്റിൽ കണ്ടെത്തി
1281626
Monday, March 27, 2023 11:54 PM IST
മങ്കൊമ്പ്: റിസോർട്ടിലെ പാചകത്തൊഴിലാളിയെ ആറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ചങ്ങനാശേരി മാടപ്പള്ളി പഞ്ചായത്ത് മാമ്മൂട് അറവയ്ക്കൽ ജോസഫ് സെബാസ്റ്റ്യ(60)നാണ് മരിച്ചത്.
ഇന്നലെ രാവിലെ പുളിങ്കുന്ന് പുന്നക്കുന്നം ജങ്കാർ കടവിനു സമീപം മണിമലയാറ്റിലാണ് മൃതദേഹം പൊങ്ങിയ നിലയിൽ കണ്ടെത്തിയത്. ജങ്കാർ കടവിനു സമീപത്തുള്ള റിസോർട്ടിലെ പാചകത്തൊഴിലാളിയായ ജോസഫ് സെബാസ്റ്റ്യനെ ഞായറാഴ്ച ഉച്ചകഴിഞ്ഞു മൂന്നു മുതൽ കാണാതായിരുന്നു. തുടർന്ന് റിസോർട്ടുടമ പുളിങ്കുന്ന് പോലീസിൽ പരാതി നൽകിയിരുന്നു. പോലീസ് കേസെടുത്തു അന്വേഷണം നടത്തി വരുന്നതിനിടെ ഇന്നലെ രാവിലെ മൃതദേഹം ആറ്റിൽ പൊങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് പോലീസെത്തി മൃതദേഹം കരയ്ക്കെടുത്തു. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടുകൊടുത്തു.