കോക്കാട്ട് പാടശേഖരത്തിൽ ഇനി ചെറുധാന്യങ്ങൾ വിളയും
1396928
Sunday, March 3, 2024 1:41 AM IST
എലിക്കുളം: പഞ്ചായത്ത് മൂന്നാം വാർഡിൽ 35 വർഷം തരിശായിക്കിടന്ന മല്ലികശേരി കോക്കാട്ട് പാടശേഖരത്ത് ചെറുധാന്യങ്ങൾ വിതച്ചുതുടങ്ങി. മൂന്നര ഏക്കർ സ്ഥലത്താണ് ചെറുധാന്യങ്ങൾ കൃഷി ചെയ്യുന്നത്. ചോളം, ബിജ്റ, കൂവരക്, തിന, എണ്ണക്കുരുവായ സൂര്യകാന്തി എന്നിവയാണ് കൃഷി ചെയ്യുക. എലിക്കുളം പഞ്ചായത്ത് ടൂറിസം ക്ലബ് പ്രസിഡന്റായ മാത്യു കോക്കാട്ടിന്റെ സ്ഥലത്താണ് കൃഷിഭവന്റെ സഹകരണത്തോടെ കൃഷിയിറക്കിയത്.
മാണി സി. കാപ്പൻ എംഎൽഎ വിത ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചൻ ഈറ്റത്തോട്ട് അധ്യക്ഷത വഹിച്ചു. എലിക്കുളം കൃഷി ഓഫീസർ കെ. പ്രവീൺ പദ്ധതി വിശദീകരിച്ചു. പഞ്ചായത്തംഗങ്ങളായ മാത്യൂസ് പെരുമനങ്ങാട്, ആശ റോയ്, എലിക്കുളം നാട്ടുചന്ത പ്രസിഡന്റ് വി.എസ്. സെബാസ്റ്റ്യൻ വെച്ചൂർ, അസിസ്റ്റന്റ് കൃഷി ഓഫീസർ എ.ജെ. അലക്സ് റോയ്, എലിക്കുളം ടൂറിസം ക്ലബ് സെക്രട്ടറി ജോസ് പി. കുര്യൻ, കാപ്പുകയം പാടശേഖരസമിതി പ്രസിഡന്റ് ഔസേപ്പച്ചൻ ഞാറയ്ക്കൽ, എലിക്കുളം നാട്ടുചന്ത ഭാരവാഹികളായ രാജു അമ്പലത്തറ, മോഹനകുമാർ കുന്നപ്പള്ളിക്കരോട്ട് എന്നിവർ പ്രസംഗിച്ചു.