തലയാഴം പഞ്ചായത്തിലേക്ക് മാർച്ച് നടത്തി
1397106
Sunday, March 3, 2024 6:54 AM IST
തലയാഴം: തലയാഴം പഞ്ചായത്ത് ഭരണസമിതിയുടെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കുമെതിരെ സിപിഐ തലയാഴം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ തലയാഴം പഞ്ചായത്ത് ഓഫീസിലേയ്ക്ക് മാർച്ചും ധർണയും നടത്തി. സിപിഐ മണ്ഡലം സെക്രട്ടറി എം.ഡി. ബാബുരാജ് മാർച്ചും ധർണയും ഉദ്ഘാടനം ചെയ്തു.
പ്ലാൻ ഫണ്ട് വിനിയോഗം സുതാര്യമാക്കുക, സിഎഫ്സി ഫണ്ട് നീതിപൂർവം വിനിയോഗിക്കുക, തൊഴിലുറപ്പ് തൊഴിലാളികളുടെ വേതന കുടിശിക നൽകുക, വിവിധ ഫണ്ടുകളിലെ വിനിയോഗത്തിലെ അഴിമതിയും പട്ടികജാതി വർഗ ഫണ്ട് തുടർച്ചയായി ലാപ്സാക്കിയതും അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
ധർണാ സമരത്തിൽ സിപിഐ നേതാക്കളായ പി. സുഗതൻ, പി.എസ്. പുഷ്കരൻ, ഡി. ബാബു, എ.സി. ജോസഫ്, ഷാജി, ബ്ലോക്ക് പഞ്ചായത്തംഗം സുജാത മധു, പഞ്ചായത്ത് അംഗം എം.എസ്. ധന്യ, ഹരിയപ്പൻ, പി.എസ്. മുരളീധരൻ, കാസ്ട്രോ, പി.ആർ. ശശി തുടങ്ങിയവർ പ്രസംഗിച്ചു.