വോട്ടുറപ്പിച്ച് സ്ഥാനാർഥികൾ
1416029
Friday, April 12, 2024 9:36 PM IST
യുഡിഎഫ് ചിഹ്നം ജനങ്ങൾ
ഏറ്റെടുത്തുവെന്ന് മോൻസ് ജോസഫ്
കുറവിലങ്ങാട്: ഇടതുപക്ഷത്തിന്റെ കള്ളപ്രചാരണവേലകൾക്ക് അന്ത്യം കുറിക്കാൻ യുഡിഎഫ് ചിഹ്നം ജനങ്ങൾ ഏറ്റെടുത്തുവെന്ന് യുഡിഎഫ് കേന്ദ്ര ഇലക്ഷൻ കമ്മറ്റി ജനറൽ കൺവീനർ മോൻസ് ജോസഫ് എംഎൽഎ പറഞ്ഞു. യുഡിഎഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജിന് കടുത്തുരുത്തി മണ്ഡലത്തിലെ പര്യടന പരിപാടി കല്ലമ്പാറയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മോൻസ് ജോസഫ്.
യുഡിഎഫ് കടുത്തുരുത്തി നിയോജക മണ്ഡലം ചെയർമാൻ ലൂക്കോസ് മാക്കിൽ അധ്യക്ഷത വഹിച്ചു. യുഡിഎഫ് നേതാക്കളായ മാഞ്ഞൂർ മോഹൻകുമാർ, ജാൻസ് കുന്നപ്പള്ളി, തോമസ് കണ്ണന്തറ, സുനു ജോർജ്, എം.എൻ. ദിവാകരൻ നായർ, പ്രമോദ് കടന്തേരി, ബെന്നി ഉഴവൂർ, സെബാസ്റ്റ്യൻ കടുവാക്കുഴി, റോയി ജോസഫ്, സക്കറിയ സേവ്യർ, ഷിജു പാറയിടുക്കിൽ, ടോമി വേദഗിരി, ജോസ് ജയിംസ് നിലപ്പന, എം.കെ. സാംബുജി എന്നിവർ പ്രസംഗിച്ചു.
വ്യാപാരസ്ഥാപനങ്ങളിൽ വോട്ട് അഭ്യർഥിക്കും
പാലാ: കോട്ടയം പാര്‍ലമെന്റ് യുഡിഎഫ് സ്ഥാനാര്‍ഥി കെ. ഫ്രാന്‍സിസ് ജോര്‍ജിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം മാണി സി. കാപ്പന് എംഎല്‍എയുടെ നേതൃത്വത്തില്‍ യുഡിഎഫ് നേതാക്കളും പ്രവര്‍ത്തകരും 15നു വൈകുന്നേരം അഞ്ചിന് വ്യാപാരസ്ഥാപനങ്ങളിൽ കയറി വോട്ട് അഭ്യര്‍ഥിക്കുമെന്ന് യുഡിഎഫ് ചെയര്മാന് പ്രഫ. സതീഷ് ചൊള്ളാനിയും കണ്‍വീനര്‍ ജോര്‍ജ് പുളിങ്കാടും അറിയിച്ചു. വൈകുന്നേരം അഞ്ചിന് ഗവ. ആശുപത്രി ജംഗ്ഷനില്‍നിന്ന് പര്യടനം ആരംഭിക്കും.
യുഡിഎഫ് കുടുംബസംഗമം
മുത്തോലി: യുഡിഎഫ് മുത്തോലിയില്‍ സംഘടിപ്പിച്ച കുടുംബസംഗമം ജില്ലാ പഞ്ചായത്ത് മെംബര്‍ ജോസ്മോന് മുണ്ടയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. ചെയര്മാന് രാജു കോനാട്ട് അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ സജി ഓലിക്കര, സന്തോഷ് കാവുകാട്ട്, തങ്കച്ചന് മണ്ണൂശേരില്‍, പുത്തൂര്‍ പരമേശ്വരന്, സെബാസ്റ്റ്യന്‍ ഗണപതിപ്ലാക്കല്‍, ബിബിന്‍ രാജ്, തോമസുകുട്ടി നെച്ചിക്കാട്ടില്‍, ആര്യ സബിന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
തോമസ് ചാഴികാടനായി
കുടുംബയോഗങ്ങൾ കൊഴുപ്പിക്കുന്നു
കുറവിലങ്ങാട്: തോമസ് ചാഴികാടന്റെ വിജയത്തിനായി കുടുംബസമ്മേളനങ്ങൾ സജീവമാക്കി ഇടതുമുന്നണി. ഓരോ ബൂത്തുകളും കേന്ദ്രീകരിച്ച് 15 കുടുംബയോഗങ്ങൾവരെ നടത്താനാണ് തീരുമാനം. ഓരോ പഞ്ചായത്തുകളിലും ഒരേസമയം പത്ത് സമ്മേളനങ്ങൾ വരെ നടക്കുന്നുണ്ട്. മുന്നണി പ്രവർത്തകരെയും അനുഭാവികളെയും ചേർത്തുനിറുത്തി ശക്തി തെളിയിക്കാനുള്ള പരിശ്രമങ്ങളാണ് നേതൃത്വം നടത്തുന്നത്. സമ്മേളനങ്ങളുടെ ഭാഗമായി റാലികളും നടത്തുന്നുണ്ട്.
എൽഡിഎഫ് നേതാക്കളായ സദാനന്ദശങ്കർ, പി.സി. കുര്യൻ, സിബി മാണി, ടി.എസ്.എൻ. ഇളയത്, എ.എൻ. ബാലകൃഷ്ണൻ, കെ. രവികുമാർ, എം.എം. ദേവസ്യ, ബിനീഷ് രവി. എ.ഡി. കുട്ടി തുടങ്ങിയവർ കുറവിലങ്ങാട്ടെ വിവിധ യോഗങ്ങളിൽ പ്രസംഗിച്ചു.
ചാഴികാടന്റെ പര്യടനം ഇന്നു പാലായില്‍
പാലാ: എല്‍ഡിഎഫ് സ്ഥാനാര്‍ഥി തോമസ് ചാഴികാടന്റെ പാലാ മണ്ഡലത്തിലെ രണ്ടാംഘട്ട പര്യടനം ഇന്ന് നടക്കും. ഇന്ന് രാവിലെ 7.30ന് ചേര്‍പ്പുങ്കല്‍ പള്ളി ജംഗ്ഷനില്‍നിന്ന് ആരംഭിക്കുന്ന പര്യടനം കൊഴുവനാല്‍, മുത്തോലി, ഭരണങ്ങാനം, കരൂര്‍, രാമപുരം പഞ്ചായത്തുകളിലെത്തി ഏഴാച്ചേരി താമരമുക്കില്‍ സമാപിക്കും. നിയോജക മണ്ഡലത്തിലെ വീടുകളിലും സ്ഥാപനങ്ങളിലും ഇടതുമുന്നണി പ്രവര്‍ത്തകര്‍ സന്ദര്‍ശനം നടത്തി സ്ഥാനാര്‍ഥി തോമസ് ചാഴികാടന്റെ നേതൃത്വത്തില്‍ നടപ്പിലാക്കിയ വികസനനേട്ടങ്ങള്‍ ഉള്‍ക്കൊള്ളിച്ച വികസനരേഖ വിതരണം ചെയ്തു.
ഭവനസന്ദര്ശനങ്ങള്ക്കൊപ്പം കുടുംബയോഗങ്ങളും നടത്തുന്നുണ്ട്. ബൂത്തുകളെ വിവിധ യൂണിറ്റുകളായി തിരിച്ചാണ് കുടുംബയോഗങ്ങള്‍ നടത്തുന്നത്.
എൻഡിഎ കൺവൻഷൻ
ഇളങ്ങുളം: കോട്ടയം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളിയുടെ പ്രചാരണഭാഗമായി എലിക്കുളം പഞ്ചായത്ത് കൺവൻഷൻ നടത്തി. ജില്ലാ പഞ്ചായത്തംഗം ഷോൺ ജോർജ് ഉദ്ഘാടനം ചെയ്തു. ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് സുനിൽ മുണ്ടപ്പള്ളി മുഖ്യപ്രഭാഷണം നടത്തി. ദീപു ഉരുളികുന്നം അധ്യക്ഷത വഹിച്ചു. എം.ആർ. സരീഷ്കുമാർ, ഡോ. ശ്രീജിത്ത്, സുമിത് ജോർജ്, വിഷ്ണു വഞ്ചിമല, ബിഡ്സൺ ജയേഷ് തുടങ്ങിയവർ പ്രസംഗിച്ചു.