വിശ്വാസത്താല്‍ ജ്വലിക്കുന്ന കുടുംബങ്ങള്‍ സഭയുടെ സമ്പത്ത്: മോണ്‍. ജോസഫ് തടത്തില്‍
1416062
Friday, April 12, 2024 10:49 PM IST
പാലാ: സഭയുടെ നവീകരണം കുടുംബത്തില്‍ നിന്നാണ് ആരംഭിക്കേണ്ടതെന്നും വിശ്വാസത്താല്‍ ജ്വലിക്കുന്ന കുടുംബങ്ങളാണ് സഭയുടെ സമ്പത്തെന്നും പാലാ രൂപത പ്രോട്ടോസിഞ്ചെല്ലൂസ് മോണ്‍. ജോസഫ് തടത്തില്‍. കുടുംബങ്ങളുടെ നവീകരണത്തിനായി പാലാ രൂപത ആവിഷ്കരിക്കുന്ന ഇന്റന്‍സീവ് ഹോം മിഷന്റെ രണ്ടാം ബാച്ച് പരിശീലനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പാലാ സെന്റ് തോമസ് കോളജ് കാമ്പസിലുള്ള മാര്‍ സെബാസ്റ്റ്യന്‍ വയലില്‍ ഹാളില്‍ നടന്ന സമ്മേളനത്തില്‍ ഹോളിഫാമിലി പാവനാത്മ പ്രൊവിന്‍സ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ട്രീസാ ജോസഫ് അധ്യക്ഷത വഹിച്ചു. പരിശീലന പദ്ധതിയില്‍ പാലാ രൂപത ഫാമിലി അപ്പൊസ്തലേറ്റ് ഡയറക്ടര്‍ ഫാ. ജോസഫ് നരിതൂക്കില്‍, സെന്റ് തോമസ് കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജയിംസ് മംഗലത്ത്, ഹോളിഫാമിലി സന്യാസിനീ സമൂഹം വികാര്‍ പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ ഡോ. ഉദയാ ഗ്രേസ്, ഐഎഫ്ഡിഎഫ് ഡയറക്ടര്‍ ഡോ. സിസ്റ്റര്‍ ഡെല്‍സി പുറത്തൂർ, ഫാമിലി കൗണ്‍സിലര്‍ സിസ്റ്റര്‍ എല്‍സി കോക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു.
പാലാ രൂപതയിലെ വിവിധ സന്യാസിനീ സമൂഹങ്ങളിലെ 306 സിസ്റ്റേഴ്സാണ് രണ്ടു ബാച്ചുകളിലായി നടക്കുന്ന പരിശീലന പദ്ധതിയില്‍ പങ്കെടുക്കുന്നത്. കുടുംബ പ്രേഷിതത്വം മുഖ്യ ഉത്തരവാദിത്വമായി സ്വീകരിക്കുന്ന ഹോളിഫാമിലി സന്യാസിനീ സമൂഹത്തിന്റെ നേതൃത്വത്തിലാണ് പരിശീലന പദ്ധതി നടപ്പിലാക്കുക.
രൂപതയുടെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ചാണ് കുടുംബനവീകരണം അജപാലന ശുശ്രൂഷയില്‍ ഈ വര്‍ഷം പ്രത്യേക പ്രാധാന്യം കൊടുത്തു നിര്‍വഹിക്കുന്നത്.