കോട്ടയം: ജോര്‍ജിയന്‍ തീര്‍ഥാടന കേന്ദ്രമായ പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ പെരുന്നാളിനു 28നു കൊടിയേറും. മേയ് അഞ്ച് മുതല്‍ ഏഴ് വരെയാണു പ്രധാന പെരുന്നാള്‍. ഇന്നു മുതല്‍ മേയ് 23 വരെ സഹദാ സാന്നിധ്യാനുസ്മരണ ദിനങ്ങളായി ആചരിക്കും. ദിവസവും രാവിലെ വിശുദ്ധ കുര്‍ബാനയും തിരുശേഷിപ്പുങ്കല്‍ മധ്യസ്ഥപ്രാര്‍ഥനയും നടത്തും.
28നു രാവിലെ 8.30നു വിശുദ്ധ മൂന്നിന്മേല് കുര്‍ബാന, ഉച്ചകഴിഞ്ഞ് രണ്ടിനു കൊടിമര ഘോഷയാത്ര, വൈകുന്നേരം അഞ്ചിനു വികാരി റവ.ഡോ. വര്‍ഗീസ് വര്‍ഗീസ് കൊടിയേറ്റും.
മേയ് ഒന്നു മുതല്‍ നാലു വരെ കണ്വന്ഷന് നടക്കും. ഫാ. ജോണ്‍ ടി. വര്‍ഗീസ് കുളക്കട, ഫാ. തോമസ് വര്‍ഗീസ് അമയില്‍, ഡോ. ടിജു തോമസ്, ഡോ. ജിജു ജേക്കബ് എന്നിവര്‍ പ്രസംഗിക്കും.
അഞ്ചിനു രാവിലെ 11.30നു സാംസ്കാരിക സമ്മേളനം. മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം ചെയ്യും. ഡോ. യൂഹാനോന്‍ മാര്‍ ദീയസ്കോറോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. ഓര്‍ഡര്‍ ഓഫ് സെന്റ് ജോര്‍ജ് ബഹുമതി ഫാ. കുര്യാക്കോസ് വര്‍ഗീസ്, ഫാ. നോബിന് ഫിലിപ്പ് എന്നിവര്‍ക്ക് നല്‍കും. ചാണ്ടി ഉമ്മന്‍ എംഎല്‍എ, തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ, റവ.ഡോ. തോമസ് വര്‍ഗീസ് എന്നിവര്‍ പ്രസംഗിക്കും. വൈകുന്നേരം ആറിനു തീര്‍ഥാടകസംഗമം നടക്കും.
ആറിനു രാവിലെ 8.30നു വിശുദ്ധ അഞ്ചിന്മേല് കുര്‍ബാന. ഡോ. യൂഹാനോന്‍ മാര്‍ ദിമെത്രയോസ് മെത്രാപ്പോലീത്ത മുഖ്യകാര്‍മികത്വം വഹിക്കും. 11നു പൊന്നില്‍ കുരിശ് മദ്ബഹായില്‍ സ്ഥാപിക്കും. ഉച്ചകഴിഞ്ഞ് രണ്ടിനു വിറകിടീല്‍ ഘോഷയാത്ര, നാലിനു വിറകിടീല്‍ ചടങ്ങ്. വൈകുന്നേരം 5.15നു ബസേലിയോസ് മാര്‍ത്തോമ്മ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവായുടെ മുഖ്യകാര്‍മികത്വത്തില്‍ പെരുന്നാള്‍ സന്ധ്യാനമസ്കാരം. 6.30നു പുതുപ്പള്ളി കവലചുറ്റി പ്രദക്ഷിണം. രാത്രി 10ന് അഖണ്ഡപ്രാര്‍ഥന.
ഏഴിനു രാവിലെ 5.30നു വിശുദ്ധ കുര്‍ബാന, 8.30നു ബസേലിയോസ് മാര്‍ത്തോമ്മ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവായുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ ഒമ്പതിന്മേല് കുര്‍ബാന. 11.15നു വെച്ചൂട്ട് നേര്‍ച്ച സദ്യ. രണ്ടിനു പ്രദക്ഷിണം. നാലിനു നേര്‍ച്ച വിളമ്പ് അപ്പവും കോഴിയിറച്ചിയും. പത്രസമ്മേളനത്തില്‍ റവ.ഡോ. വര്‍ഗീസ് വര്‍ഗീസ്, ഫാ. ബ്ലസന്‍ മാത്യു ജോസ്, ഫിലിപ്പോസ് വി. ഏബ്രഹാം, എന്‍.കെ. മാത്യു, സിബി ജോസഫ് എന്നിവര്‍ പങ്കെടുത്തു.