"കെ-റെയില്‍ അനുകൂലികള്‍ക്ക് വോട്ടില്ല’ പ്രചാരണം ശക്തമാക്കി ജനകീയ സമിതി
1418256
Tuesday, April 23, 2024 6:22 AM IST
കോട്ടയം: കെ-റെയില്‍ അനുകൂലികള്‍ക്ക് വോട്ടില്ല എന്ന മുദ്രാവാക്യമുയര്‍ത്തി സംസ്ഥാന വ്യാപകമായി കെ- റെയില്‍ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ പ്രചാരണം സംഘടിപ്പിച്ചു കൊണ്ടിരിക്കുകയാണെന്ന് സമരസമിതി ഭാരവാഹികള്‍. കെ-റെയില്‍ സില്‍വര്‍ലൈന്‍ പദ്ധതി വന്നപ്പോള്‍ കോട്ടയത്തെ എംപിയും എല്‍ഡിഎഫ് സ്ഥാനാർഥിയുമായ തോമസ് ചാഴികാടന് സില്‍വര്‍ ലൈന്‍ പദ്ധതിയെ എതിര്‍ത്തുകൊണ്ടുള്ള സമരത്തില്‍ പങ്കെടുക്കുകയും പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും നിവേദനം നല്‍കുകയും ചെയ്തതാണ്.
സില്‍വര്‍ലൈന്‍ പദ്ധനി സംബന്ധിച്ച് തോമസ് ചാഴികാടന്റെ നിലപാട് വ്യക്തമാക്കണമെന്ന് കെ-റെയില്‍ സില്‍വര്‍ലൈന്‍ വിരുദ്ധ ജനകീയ സമിതി രക്ഷാധികാരി വി.ജെ. ലാലി, ജില്ലാ ചെയര്മാന് ബാബു കുട്ടന്‍ചിറ, കണ്‍വീനര്‍ സിബി ജോണ്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കെ-റെയില്‍ സില്‍വര്‍ലൈന്‍ അനുകൂലികള്‍ക്ക് വോട്ടില്ല എന്ന പ്ലക്കാര്‍ഡും പിടിച്ച് സില്‍വര്‍ലൈന്‍ കടന്നു പോകുന്ന വഴികളിലൂടെ ഇന്നും നാളെയും സ്ക്വാഡ് പ്രവര്‍ത്തനങ്ങളും പ്രധാനകേന്ദ്രങ്ങളില്‍ പൊതുസമ്മേളനങ്ങളും നടത്തുമെന്നും ഇവര്‍ അറിയിച്ചു.
കെ-റെയില്‍ സില്‍വര്‍ലൈന്‍ വിരുദ്ധ സമരങ്ങളില്‍ പങ്കെടുത്തതിന്റെ പേരില്‍ സംസ്ഥാന സർക്കാർ എടുത്തിരിക്കുന്ന നൂറുകണക്കിന് കേസുകള്‍ പിന്‍വലിക്കണമെന്നും വി.ജെ. ലാലി, ബാബു കുട്ടന്‍ചിറ, സിബി ജോണ്‍ എന്നിവര്‍ ആവശ്യപ്പെട്ടു.