വൈക്കം കാർഷിക ഗ്രാമവികസന ബാങ്ക് തെരഞ്ഞെടുപ്പ് 30ന്
1423533
Sunday, May 19, 2024 6:55 AM IST
വൈക്കം: വൈക്കം കാർഷിക ഗ്രാമ വികസന ബാങ്ക് തിരഞ്ഞെടുപ്പ് 30ന് നടക്കും.14864 അംഗങ്ങളുള്ള വൈക്കം കാർഷിക ഗ്രാമവികസന ബാങ്കിൽ 2022 ജൂലൈ ഒന്പതിനു തെരഞ്ഞെടുപ്പ് നടന്നിരുന്നു. തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികൾ ഉൾപ്പെടെ നിരവധി അംഗങ്ങൾക്കു വോട്ടവകാശം നിഷേധിച്ചിരുന്നു.
ബാങ്കിൽ അതീവ സുരക്ഷയിൽ സൂക്ഷിക്കേണ്ട 6B ഫോറം ഇല്ലെന്ന കാരണത്താലാണ് വോട്ടവകാശം നിഷേധിച്ചത്.
ഇതിനെതിരേ വോട്ടവകാശം നിഷേധിക്കപ്പെട്ട സ്ഥാനാർഥികളും സഹകാരികളും ഹൈക്കോടതിയിൽ പരാതി നൽകിയതിനെത്തുടർന്ന് ഹൈക്കോടതി സിംഗിൾബഞ്ച് നിയമവിരുദ്ധമായി തെരഞ്ഞെടുക്കപ്പെട്ട എൽഡിഎഫ് ഭരണസമിതിയെ പിരിച്ചുവിട്ടു.
ഈ വിധിക്കെതിരേ എൽഡിഎഫ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയെങ്കിലും സിംഗിൾ ബെഞ്ച് വിധി ശരിവയ്ക്കുകയാണുണ്ടായത്.
അടിയന്തരമായി തെരഞ്ഞെടുപ്പ് നടത്തണമെന്നു ഹൈക്കോടതി വിധിച്ചിട്ടും തീരുമാനമില്ലാതെ വന്നപ്പോൾ വീണ്ടും ഹൈക്കോടതിയിൽ കോടതിയലക്ഷ്യ ഹർജി കൊടുത്തതിനെത്തുടർന്ന് മേയ് 31നു മുമ്പ് തെരഞ്ഞെടുപ്പു നടത്തണമെന്ന കോടതി വിധി വന്നതിന്റെ അടിസ്ഥാനത്തിലാണു മേയ് 30നു തെരഞ്ഞെടുപ്പു നടക്കുന്നത്.
വൈക്കം ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടത്തിൽ രാവിലെ എട്ടുമുതൽ മുതൽ വൈകുന്നേരം നാലുവരെയാണ് തെരഞ്ഞെടുപ്പ്.
ബാങ്കിന്റെ വോട്ടർപട്ടികയിലുള്ള മുഴുവൻ പേർക്കും ബാങ്കിന്റെ തിരിച്ചറിയൽ കാർഡിനൊപ്പം മറ്റേതെങ്കിലും അംഗീകൃത തിരിച്ചറിയൽ കാർഡ് കൂടി ഹാജരാക്കിയാൽ വോട്ടവകാശം വിനിയോഗിക്കാനാകും.