ചങ്ങനാശേരി അതിരൂപതാ ദിനാചരണം സ്നേഹസംഗമമായി
1423936
Tuesday, May 21, 2024 6:25 AM IST
കുറുമ്പനാടം: സ്നേഹത്തിന്റെയും ഐക്യബോധത്തിന്റെയും കാഹളധ്വനി മുഴക്കി ചങ്ങനാശേരി അതിരൂപതാ ദിനസംഗമം. അതിരമ്പുഴ മുതല്‍ അമ്പൂരിവരെയുള്ള അഞ്ചുജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന 18 ഫൊറോനകളില്‍നിന്നുള്ള രണ്ടായിരത്തിലേറെ പ്രതിനിധികളാണ് സമ്മേളനത്തില്‍ അണിനിരന്നത്.
പുണ്യശ്ലോകനായ ദൈവദാസന് പുത്തന്‍പറമ്പില്‍ തൊമ്മച്ചന്റെ പ്രേഷിതപ്രവര്ത്തനങ്ങളാലും ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തിലിന്റെ ജന്മംകൊണ്ടും പവിത്രമായ കുറുമ്പനാടം ഫൊറോനാ പള്ളിയാണ് 138-ാമത് അതിരൂപതാദിനത്തിന് വേദിയായത്. അതിരൂപതയില്‍ നാമൊരു കുടുംബം എന്ന ആപ്തവാക്യം ഉയര്‍ത്തിയാണ് സംഗമം സംഘടിപ്പിച്ചത്.
രാവിലെ ഒമ്പതിന് ഫൊറോനപള്ളിയില്‍ പ്രതിഷ്ഠിച്ചിരുന്ന ഛായാചിത്രവും ദീപശിഖയും സമ്മേളനത്തിനു മുന്നോടിയായി സമ്മേളനവേദിയില്‍ പ്രതിഷ്ഠിച്ചു. വാദ്യമേളങ്ങളുടെയും നസ്രാണി കലാരൂപങ്ങളുടെയും അകമ്പടിയോടെയാണ് വിശിഷ്ടാതിഥികളെ വേദിയിലേക്കാനയിച്ചത്. കോരിച്ചൊരിഞ്ഞ കനത്ത മഴയെ അവഗണിച്ചാണ് അതിരൂപതയുടെ വിവിധ കേന്ദ്രങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ സമ്മേളനനഗരിയില്‍ എത്തിച്ചേര്‍ന്നത്. സംഘാടക മികവില്‍ സമ്മേളനം ശ്രദ്ധേയവും മാതൃകയുമായി.
അതിരൂപത വികാരിജനറാള്‍മാരായ മോണ്‍. ജോസഫ് വാണിയപ്പുരയ്ക്കല്‍, മോണ്‍. ജയിംസ് പാലയ്ക്കല്‍, മോണ്‍. വര്‍ഗീസ് താനമാവുങ്കല്‍, ചാന്‍സിലര്‍ ഫാ. ഐസക് ആലഞ്ചേരി, പ്രൊക്യുറേറ്റര്‍ ഫാ. ചെറിയാന് കാരിക്കൊമ്പില്‍, കോ-ഓര്‍ഡിനേറ്റര്‍മാരായ ഫാ. ജോണ്‍ വടക്കേക്കളം, ഫാ. ജോബിന് ആനക്കല്ലുങ്കല്‍, ഫാ. ജോ കിഴക്കേമുറി, കണ്‍വീനര്‍മാരായ ഫാ. ചെറിയാന് കറുകപ്പറമ്പില്‍, ഫാ. ബിനീഷ് ഏറത്തേടം, ഫാ. ജോബി പരുവപ്പറമ്പില്‍, ഫാ. ജയിംസ് അത്തിക്കളം, റവ. ഡോ. ജോണ്‍ വി. തടത്തില്‍, ഫാ. തോമസ് പുത്തന്‍പുരയ്ക്കല്‍, ഫാ. മാത്യു ചെത്തിപ്പുഴ, ഫാ. ബിബിന്‍ കൊച്ചീത്ര, ഫാ. ടോമിന് കിഴക്കേത്തലക്കല്‍, ഫാ. ടോണ്‍ പെന്നാറ്റില്, ഫാ. നിജോ വടക്കേറ്റത്ത്, ഫാ. സാജന് പുളിക്കല്‍, ഫൊറോനാ കൗണ്‍സില്‍ സെക്രട്ടറി സോബിച്ചന് കണ്ണമ്പള്ളി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മിറ്റികളാണ് അതിരൂപതാദിന പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത്. ജോബ് മൈക്കിള്‍ എംഎല്‍എ, ചങ്ങനാശേരി മുനിസിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ബീനാ ജോബി എന്നിവര്‍ സമ്മേളനത്തില്‍ സന്നിഹിതരായിരുന്നു.