മാസങ്ങൾക്കുള്ളിൽ 40ലേറെ ശസ്ത്രക്രിയകൾ പൂർത്തീകരിച്ച് ഉഴവൂർ കെ.ആർ. നാരായണൻ ആശുപത്രി
1429785
Sunday, June 16, 2024 10:22 PM IST
ഉഴവൂർ: സ്കിൻ ഗ്രാഫിറ്റിംഗ് ഉൾപ്പെടെയുള്ള ശസ്ത്രകിയകൾ വിജയകരമായി പൂർത്തീകരിച്ച് ഡോ. കെ.ആർ. നാരായണൻ ആശുപത്രി. ചുരുങ്ങിയ നാളുകൾക്കുള്ളിൽ നാല്പതിലേറെ ശസ്ത്രക്രിയകൾ പൂർത്തീകരിച്ചതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി. കുര്യനും വൈസ് പ്രസിഡന്റ് ഡോ. സിന്ധുമോൾ ജേക്കബും അറിയിച്ചു.
നാലു വർഷമായി ഉണങ്ങാത്ത വ്രണവുമായി കഴിഞ്ഞിരുന്ന രോഗിക്ക് സ്കിൻ ഗ്രാഫ്റ്റിംഗിലൂടെ രോഗം ഭേദമാക്കിയതുൾപ്പെടെയുള്ള ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തീകരിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ആശുപത്രിയും നിയന്ത്രണാധികാരികളായ ഉഴവൂർ ബ്ലോക്ക് പഞ്ചായത്തും. ബയോപ്സിക്ക് അവസരം നൽകി അർബുദം കണ്ടുപിടിച്ചതടക്കമുള്ള മുന്നേറ്റവും ആശുപത്രിയുടെ ലഭ്യമായ സാഹചര്യങ്ങൾ പ്രയോജനപ്പെടുത്തി നടത്താൻ കഴിഞ്ഞു. ഫിസ്റ്റുല, ഹെർണിയ തുടങ്ങിയവയുടെ സർജറിയും നടത്തി.
ഒരു ദിവസം മൂന്ന് മേജർ ശസ്ത്രക്രിയകളടക്കം നടത്താനുള്ള സൗകര്യം ആശുപത്രിയിലെ ഓപ്പേറേഷൻ തിയേറ്ററിനുണ്ട്. കഴിഞ്ഞ സാമ്പത്തികവർഷം ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച എട്ടു ലക്ഷം രൂപ വിനിയോഗിച്ചാണ് ശസ്ത്രക്രിയയ്ക്കുള്ള സൗകര്യങ്ങൾ ക്രമീകരിച്ചത്. സൂപ്രണ്ട് ഡോ. സിതാര, ഡോ. എസ്. ഉണ്ണിക്കൃഷ്ണൻ, ഡോ. ടെജി, ഡോ. ദിവ്യ എന്നിവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയാ സേവനം നൽകുന്നത്.
ബ്ലോക്ക് പഞ്ചായത്തിന്റെയും ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയംഗങ്ങളുടേയും നേതൃത്വത്തിൽ ഡോക്ടർമാരുടെ സേവനത്തെ അഭിനന്ദിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി. കുര്യൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഡോ. സിന്ധുമോൾ ജേക്കബ്, ആശുപത്രി വികസനസമിതിയംഗങ്ങളായ രാജു ജോൺ ചിറ്റേത്ത്, ജോസ് കുര്യൻ, ഷെറി മാത്യു, വിനോദ് പുളിക്കനിരപ്പേൽ, സൈമൺ ഒറ്റത്തങ്ങാടി തുടങ്ങിയവർ പ്രസംഗിച്ചു.