ദേശീയപാതയിൽ ചിറ്റടിക്കും ചോറ്റിക്കുമിടയിൽ അപകടഭീഷണി ഉയർത്തി വൻ മരങ്ങൾ
1429790
Sunday, June 16, 2024 10:22 PM IST
മുണ്ടക്കയം: ദേശീയപാതയിൽ ദിവസേന ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ചിറ്റടിക്കും ചോറ്റിക്കുമിടയിലാണ് റോഡിന്റെ വശത്ത് അപകടഭീഷണി ഉയർത്തി വൻ മരങ്ങൾ.
കഴിഞ്ഞ ദിവസം റോഡിന്റെ വശത്തുനിന്ന മരത്തിന്റെ ശിഖരം ഒടിഞ്ഞ് റോഡിൽ പതിച്ചിരുന്നു. തലനാരിഴയ്ക്കാണ് അപകടം വഴി മാറിയത്. ഈ മരത്തിന്റെ ഏതാനും ശിഖരങ്ങൾ ഉണങ്ങിയും നിൽപ്പുണ്ട്. ശക്തമായ മഴയും കാറ്റുമുണ്ടായാൽ ഇവ ഒടിഞ്ഞ് റോഡിലേക്ക് പതിക്കും. ഇത് വലിയ അപകടങ്ങൾക്ക് വഴിവയ്ക്കും.
കഴിഞ്ഞവർഷം പൊടിമറ്റത്തിന് സമീപം ഹൈവേ പോലീസിന്റെ വാഹനത്തിന് മുകളിലേക്ക് മരം ഒടിഞ്ഞു വീണിരുന്നു. അപകടത്തിൽ വാഹനത്തിന് കേടുപാട് സംഭവിച്ചെങ്കിലും പോലീസ് ഉദ്യോഗസ്ഥർ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
മഴക്കാലം ആരംഭിക്കുന്നതിന് മുന്നോടിയായി ദേശീയപാതയുടെ വശത്ത് അപകടങ്ങൾക്ക് വഴിവയ്ക്കുന്ന മരങ്ങൾ വെട്ടിമാറ്റണമെന്ന് ഉത്തരവുണ്ടെങ്കിലും നടപ്പാക്കാൻ അധികൃതർ തയാറാക്കുന്നില്ലെന്ന ആക്ഷേപം ഉയരുകയാണ്.