പാറത്തോട് പഞ്ചായത്തില്‍ ഡെങ്കിപ്പനി പടരുന്നു
1429791
Sunday, June 16, 2024 10:22 PM IST
പാറത്തോട്: പാറത്തോട് പഞ്ചായത്തില്‍ ഡെങ്കിപ്പനി പടരുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഡ്രൈ ഡേ ആചരിക്കാന്‍ നിര്‍ദേശം. ഇതിന്റെ ഭാഗമായി ഇന്നലെ പഞ്ചായത്തിന്റെ പരിധിയിലെ വീടുകളും പരിസരവും ശുചീകരിച്ചു. ഇന്ന് ജോലിസ്ഥലങ്ങളും നാളെ സ്കൂള്‍, കോളജ് പരിസരങ്ങളും ശുചീകരിച്ചാണ് ഡ്രൈ ഡേ ആചരിക്കുന്നത്.
വീടിന്റെ പരിസരങ്ങളില്‍ വെള്ളം കെട്ടിക്കിടന്ന് കൊതുക് പെരുകാന്‍ സാധ്യതയുള്ള മുട്ടത്തോട്, ചിരട്ട, ടയര്‍, പ്ലാസ്റ്റിക് ഷീറ്റ്, ചെടിച്ചട്ടികള്‍, പ്ലാസ്റ്റിക് മാലിന്യം എന്നിവ നീക്കം ചെയ്യണം. കൊതുക് പരുത്തുന്ന രോഗമായതിനാല്‍ കൊതുക് നശീകരണമാണ് പ്രധാനപ്പെട്ട പ്രതിരോധ പ്രവര്‍ത്തനമെന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.
പഞ്ചായത്ത് മൂന്നാം വാര്‍ഡിലെ വെളിച്ചിയാനി മേഖലയിലും ഒന്‍പതാം വാര്‍ഡില്‍ ഇടക്കുന്നം മേഖലയിലുമാണ് ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഡെങ്കിപ്പനി പടരുന്നത് തടയാന്‍ ആശാവര്‍ക്കര്‍മാര്‍ വീടുകളിലെത്തി ബോധവത്കരണം നല്‍കും. കൊതുക് നശീകരണത്തിനായി ഫോഗിംഗ് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും വീടും പരിസരവും ശുചീകരിക്കാന്‍ ശ്രദ്ധിക്കണമെന്നും പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശികുമാര്‍ പറഞ്ഞു.