വീട്ടമ്മമാരെ കബളിപ്പിച്ച് ഒരു കോടിയില്‍പരം രൂപ തട്ടിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍
1429976
Monday, June 17, 2024 6:43 AM IST
ഏറ്റുമാനൂര്‍: ചാരിറ്റി സംഘടനയുടെ പേരില്‍ ഏറ്റുമാനൂര്‍ പേരൂര്‍ സ്വദേശികളായ വീട്ടമ്മമാരെ കബളിപ്പിച്ച് ഒരുകോടിയില്‍ പരം രൂപ തട്ടിയെടുത്ത കേസില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പേരൂര്‍ 101 കവല ശങ്കരമല ഭാഗത്ത് ശങ്കരാമലയില്‍ മേരി കുഞ്ഞുമോൻ (63), അയ്മനം ഭാഗത്ത് ഇപ്പോള്‍ വാടകയ്ക്ക് താമസിക്കുന്ന കല്‍കുന്തല്‍, ചേമ്പളം കൗണ്ടി കിഴക്കേകൊഴുവനാല്‍ ജെസി ജോസഫ് (54) എന്നിവരെയാണ് ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ഇവര്‍ പേരൂര്‍ സ്വദേശിനികളായ വീട്ടമ്മമാരെ സമീപിച്ച് എറണാകുളത്തുള്ള ഒരു ചാരിറ്റി സംഘടന മുഖാന്തരം വിദേശത്തുനിന്നു തങ്ങള്‍ക്ക് പണം ലഭിക്കുമെന്നും ഇതിലേക്ക് ടാക്സ് ആയും സര്‍വീസ് ചാര്‍ജായും പണം അടയ്ക്കുന്നതിന് പൈസ തന്നാല്‍ ഇവര്‍ക്ക് ലക്ഷക്കണക്കിന് രൂപ കമ്മീഷന് തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇവരില്‍നിന്നും പലതവണകളായി, പലകാരണങ്ങള്‍ പറഞ്ഞ് ഒരു കോടിയില്‍പരം രൂപ തട്ടിയെടുക്കുകയായിരുന്നു.
എന്നാൽ, ഇവര്‍ പണം തിരികെ നല്‍കാതെ വന്നതോടെ കബളിപ്പിച്ചതാണെന്നു തിരിച്ചറിഞ്ഞ വീട്ടമ്മാർ ഏറ്റുമാനൂര്‍ പോലീസില്‍ പരാതി നല്കി. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണസംഘം നടത്തിയ പരിശോധനയില്‍ ഇവരുടെ അക്കൗണ്ടുകളിലേക്കു പണം എത്തിയതായി കണ്ടെത്തുകയും തുടര്‍ന്ന് ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു. ഈ കേസില്‍ വിശദമായ അന്വേഷണം നടത്തിവരികയാണ്. മറ്റു പ്രതികള്‍ക്കുവേണ്ടി തെരച്ചില്‍ ശക്തമാക്കി.