കാലപ്പഴക്കത്താൽ ജീർണിച്ച് അപകടനിലയിലായ കൊതവറപ്പാലം വീതികൂട്ടി പുനർനിർമിക്കണം
1429981
Monday, June 17, 2024 6:43 AM IST
തലയാഴം: ഉല്ലല കൊതവറ-ടിവിപുരം റോഡിലെ ഉല്ലല ജംഗ്ഷനു പടിഞ്ഞാറു ഭാഗത്തുള്ള കൊതവറ പാലം തകർച്ചാഭീഷണിയിൽ. കാലപ്പഴക്കത്താൽ ജീർണിച്ച വീതികുറഞ്ഞ പാലത്തിന്റെ തൂണുകളിലെ കമ്പികൾ ജീർണിച്ച് കോൺക്രീറ്റ് അടർന്നുപോയ നിലയിലാണ്. പാലത്തിന്റെ കൈവരി വാഹനങ്ങൾ ഇടിച്ചു തകർക്കുകയും ചെയ്തു.
വൈക്കം -മൂത്തേടത്തുകാവ് - കൊതവറ ഉല്ലല റോഡ് ബിഎംബിസി നിലവാരത്തിൽ പുനർനിർമിച്ചതോടെ ഇതുവഴി വാഹനത്തിരക്ക് പതിന്മടങ്ങായി വർധിച്ചു. റോഡ് പണികൾ നടക്കുന്പോൾത്തന്നെ ജീർണാവസ്ഥയിലായ കൊതവറ പാലം വീതി കൂട്ടി പുനർനിർമിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു.
റോഡിൽനിന്ന് ഏറെ ഉയരത്തിലുള്ള പാലത്തിലൂടെ വരുന്ന വാഹനങ്ങൾക്ക് എതിർവശത്തുനിന്നു വരുന്ന വാഹനങ്ങൾ തൊട്ടുമുമ്പിലെത്തുമ്പോൾ മാത്രമാണ് കാണാനാകുന്നത്. പാലം അപകടത്തിലായതോടെ ഇതുവഴി സർവീസ് നടത്തിയിരുന്ന കെഎസ്ആർടിസി ബസ് ഉൾപ്പടെ സർവീസ് നിർത്തി.
റോഡ് കുറ്റമറ്റതായതിനാൽ സ്കൂൾ വാഹനങ്ങളടക്കം നൂറുകണക്കിനു വാഹനങ്ങളാണ് ഈ റോഡിലൂടെ കടന്നുപോകുന്നത്. കൊതവറ സെന്റ് സേവ്യേഴ്സ് കോളജിലെ വിദ്യാർഥികൾക്ക് ബസ് സർവീസ് നിലച്ചതോടെ രണ്ടുകിലോമീറ്ററിലധികം നടന്നുപോകേണ്ട സ്ഥിതിയാണ്.
അപകട നിലയിലായ പാലം പൊളിച്ചു നീക്കി പുതിയ പാലം നിർമിക്കുന്നതിന് സർക്കാർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.