പുരുഷ സ്വയം സഹായസംഘങ്ങൾക്കും പച്ചക്കറി, പൂകൃഷികൾക്ക് അവസരം
1429982
Monday, June 17, 2024 6:43 AM IST
വൈക്കം: വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെ നിറവ് പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന ഓണത്തിന് ഒരു കുട്ട പൂവ്, ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമാകുവാൻ ഈ വർഷം മുതൽ പുരുഷ സ്വയം സഹായ സംഘങ്ങൾക്കും അവസരം.
10 സെന്റിൽ കുറയാതെ പൂ കൃഷിയും 25 സെന്റിൽ കുറയാതെ പച്ചക്കറി കൃഷിയും ചെയ്യുവാൻ താല്പര്യമുള്ള പുരുഷ സ്വയംസഹായ സംഘങ്ങളിൽനിന്നുമാണ് അപേക്ഷ ക്ഷണിക്കുന്നത്. സംഘങ്ങൾക്ക് ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണം.
വൈക്കം ബ്ലോക്ക് പരിധിയിൽ വരുന്ന വെച്ചൂർ, തലയാഴം, ടി വി പുരം, ഉദയനാപുരം, ചെമ്പ്, മറവൻതുരുത്ത് പഞ്ചായത്തുകളിൽ ഉള്ളവർക്കാണ് പദ്ധതിയുടെ ഭാഗമാകുവാൻ കഴിയുന്നത്.
വൈക്കം ബ്ലോക്ക് പഞ്ചായത്തും കൃഷിവകുപ്പും ഹോർട്ടി കൾച്ചർ മിഷനും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്.
പച്ചക്കറി ഉത്പാദനം വർധിപ്പിക്കുന്നതിനും പൂ കൃഷിയിലൂടെ വനിത, പുരുഷ സ്വയം സഹായ സംഘങ്ങൾക്ക് വരുമാന വർധനവുണ്ടാക്കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രഞ്ജിത്ത് പറഞ്ഞു. താല്പര്യമുള്ളവർ 20ന് മുമ്പ് കൃഷി ഭവനുമായി ബന്ധപ്പെടണം.