പൊൻകുന്നം ബസ് സ്റ്റാൻഡ് അറ്റകുറ്റപ്പണിക്കായി അടച്ചിട്ടു
1429989
Monday, June 17, 2024 6:53 AM IST
മുന്നറിയിപ്പില്ലാഞ്ഞത് യാത്രക്കാരെ വലച്ചു
പൊൻകുന്നം: ചിറക്കടവ് പഞ്ചായത്തിന്റെ പൊൻകുന്നം സ്വകാര്യ ബസ് സ്റ്റാൻഡിൽ കംഫർട്ട് സ്റ്റേഷനു മുന്പിലെ സ്ലാബുകൾ ശരിയായി ഉറപ്പിക്കുന്നതിനായി ഇന്നലെ സ്റ്റാൻഡ് അടച്ചിട്ടു. എന്നാൽ, മുന്നറിയിപ്പൊന്നും നൽകാതെ സ്റ്റാൻഡ് അടച്ചതുമൂലം യാത്രക്കാർ വലഞ്ഞു. ഇന്നലെ രാവിലെ മുതൽ വിവിധ റൂട്ടുകളിലേക്കുള്ള ബസുകൾ ദേശീയപാതയിലാണ് നിർത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്തത്.
ചങ്ങനാശേരി, കോട്ടയം, മുണ്ടക്കയം, കുമളി, എരുമേലി, മണിമല, പാലാ, പള്ളിക്കത്തോട്, തമ്പലക്കാട്, കൊടുങ്ങൂർ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള യാത്രക്കാർ ബസുകൾ എവിടെയെന്നറിയാൻ തിരക്കിനിടയിലൂടെ അന്വേഷിച്ച് നടക്കേണ്ടിവന്നു. ബസുകൾ കൂട്ടത്തോടെ വഴിയോരത്ത് നിരന്നതോടെ ഗതാഗതക്കുരുക്കുമായി. നിരവധി വാഹനങ്ങളുടെ ഇടയിലൂടെ യാത്രക്കാർ റോഡ് മുറിച്ചുകടന്നുവേണമായിരുന്നു തങ്ങളുടെ ബസ് കണ്ടെത്തി യാത്ര ചെയ്യാൻ.
ഏതാനും മാസം മുന്പ് കംഫർട്ട് സ്റ്റേഷനിലെ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനായാണ് സ്ലാബുകൾ മാറ്റിയത്. തുടർന്ന് ശരിയായ വിധം ഇവ സ്ഥാപിച്ചില്ല. യാത്രക്കാർ നടക്കുന്ന ഭാഗത്ത് ഉയർന്നും താഴ്ന്നുമുള്ള സ്ലാബുകളിൽ കാൽതട്ടി പരിക്കുപറ്റിയിരുന്നു. കഴിഞ്ഞ ദിവസം ഒരു യാത്രക്കാരി വീണ് പരിക്കേൽക്കുകയും ചെയ്തു. സ്ലാബുകളുടെ അരികിൽ കോൺക്രീറ്റ് അവശിഷ്ടങ്ങൾ തള്ളിയ നിലയിലുമായിരുന്നു.