വട്ടോത്ത്ഭാഗം കുടിവെള്ള പദ്ധതി വിപുലീകരിക്കുന്നു; മുപ്പത് ലക്ഷം അനുവദിച്ചു
1429992
Tuesday, June 18, 2024 9:23 PM IST
പാലാ: ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി മീനച്ചില്‍ പഞ്ചായത്തിലെ പാലാക്കാടു വാര്‍ഡില്‍ വട്ടോത്ത് ഭാഗം കുടിവെള്ള പദ്ധതിക്ക് രണ്ട് ഘട്ടമായി മുപ്പത് ലക്ഷം രൂപ അനുവദിച്ചു. ഒന്നാം ഘട്ടത്തില്‍ 20 ലക്ഷം രൂപയും രണ്ടാംഘട്ടത്തില്‍ 10 ലക്ഷം രൂപയുമാണ് അനുവദിച്ചിരിക്കുന്നത്.
മുപ്പതിനായിരം ലിറ്റര്‍ സംഭരണശേഷിയുള്ള ഓവര്‍ഹെഡ് ടാങ്ക്, ഒരു കിലോമീറ്റര്‍ പമ്പിംഗ് ലൈന്‍, അര കിലോമീറ്റര്‍ വിതരണ ലൈനുകള്‍ എന്നിവയാണ് ഒന്നാം ഘട്ടത്തില്‍ പൂര്‍ത്തീകരിച്ചത്. രണ്ടാംഘട്ടത്തില്‍ കിണറിന് ആഴം വര്‍ധിപ്പിക്കുകയും നാനൂറ് മീറ്റര്‍ വിതരണ ലൈനുകള്‍ നിര്‍മിക്കുകയും ചെയ്യും. കിണറിന് ആഴം ഇല്ലാത്തതുകൊണ്ട് വേനല്‍ക്കാലത്ത് ആവശ്യത്തിനു വെള്ളം ലഭിച്ചിരുന്നില്ല. രണ്ടാംഘട്ടം പണി തീരുന്നതോടുകൂടി ഈ പ്രശ്നത്തിന് പരിഹാരമാകും.
നൂറിലധികം കുടുംബങ്ങള്‍ക്ക് വട്ടോത്ത് ഭാഗം കുടിവെള്ള പദ്ധതിയുടെ പ്രയോജനം ലഭിക്കും.
പഞ്ചായത്ത് പ്രസിഡന്റ് സാജോ പൂവത്താനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് മെംബര്‍ രാജേഷ് വാളിപ്ലാക്കല്‍ നിര്‍മാണ ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിന്‍സി മാര്ട്ടിന്, പഞ്ചായത്ത് മെംബര്‍മാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.