പുരസ്കാരനിറവില്‍ വാകക്കാട് സെന്റ് അല്‍ഫോന്‍സ ഹൈസ്കൂള്‍ ലിറ്റില്‍ കൈറ്റ്സ്
1429996
Tuesday, June 18, 2024 9:44 PM IST
വാകക്കാട്: ജില്ലയിലെ മികച്ച ലിറ്റില്‍ കൈറ്റ്സ് യൂണിറ്റായി വാകക്കാട് സെന്റ് അല്‍ഫോന്‍സ ഹൈസ്കൂള്‍ തെരഞ്ഞെടുക്കപ്പെട്ടു. 2023-24 അധ്യയന വര്‍ഷത്തിലെ മൂന്ന് ബാച്ചുകളുടെയും പ്രവര്‍ത്തനങ്ങള്‍ ജില്ലാ-സംസ്ഥാന ജൂറി അംഗങ്ങള്‍ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് അവാര്‍ഡുകൾ പ്രഖ്യാപിച്ചത്. 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
ലിറ്റില്‍ കൈറ്റ്സ് യൂണിറ്റുകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍, ഓരോ യൂണിറ്റുകളും നടത്തിയ തനതു പ്രവര്‍ത്തനങ്ങള്‍, ഐസിടി മേഖലയിലെ സാമൂഹിക ഇടപെടല്‍, മറ്റു വിദ്യാര്‍ഥികള്‍ക്ക് കൊടുത്ത പരിശീലനങ്ങള്‍, സ്കൂള്‍ വിക്കി അപ്ഡേഷന്, ഡിജിറ്റല്‍ മാഗസിന്, വിക്ടേഴ്സ് ചാനല്‍ വ്യാപനം, ന്യൂസ് തയാറാക്കല്‍, അംഗങ്ങളുടെ വ്യക്തിഗത പ്രകടനങ്ങള്‍, സ്കൂളിലെ പ്രവര്‍ത്തനങ്ങളില്‍ യൂണിറ്റിന്റെ ഇടപെടല്‍ തുടങ്ങിയവയാണ് അവാര്‍ഡിനായി പരിഗണിക്കപ്പെട്ടത്. പാലാ വിദ്യാഭ്യാസ ജില്ലയില്‍നിന്നു ലിറ്റില്‍ കൈറ്റ്സ് അവാര്‍ഡ് കരസ്ഥമാക്കിയ ഏക വിദ്യാലയമാണ് വാകക്കാട് സെന്റ് അല്‍ഫോന്‍സ ഹൈസ്കൂള്‍.
സാമൂഹിക വിപത്തുകളെയും നവമാധ്യമ സ്വാധീനങ്ങളെയും നേരിടുന്നതിന് കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും പരിശീലനം കൊടുക്കുന്നതിനായി ലിറ്റില്‍ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തില്‍ നടത്തപ്പെട്ട പാസ് (പ്രോജക്ട് എഗനസ്റ്റ് സോഷ്യല്‍ സിന്‍സ്) എന്ന പദ്ധതി ശ്രദ്ധേയമായിരുന്നു. അനിമേഷന്‍, മൊബൈല്‍ ആപ്പ് നിര്‍മാണം, നിര്‍മിതബുദ്ധി, ഇലക്ട്രോണിക്സ്, റോബോട്ടിക്സ്, ഡെസ്ക് ടോപ് പബ്ലിഷിംഗ്, ഗ്രാഫിക് ഡിസൈനിംഗ്, മീഡിയ ആൻഡ് ഡോക്കുമെന്റേഷന്‍, ബ്ലോക്ക് പ്രോഗ്രാമിംഗ് എന്നിവയില്‍ ലിറ്റില്‍ കൈറ്റ്സ് അംഗങ്ങള്‍ക്ക് പ്രത്യേക പരിശീലനം നല്കിവരുന്നു.
മനു കെ. ജോസ് കൈറ്റ് മാസ്റ്ററായും ജൂലിയ അഗസ്റ്റിന് കൈറ്റ് മിസ്ട്രസായും അസിന് നാര്‍സിസ ബേബി, അവിരാ ജോബി, ജിസ എലിസബത്ത് ജിജോ, എസക്കിയ ജൊവാന് ഇന്നസെന്റ്, ബിന്‍സ മരിയ ജെന്നി, ആന്‍ മരിയ അബിലാഷ് എന്നിവര്‍ ലീഡര്‍മാരായും ലിറ്റില്‍ കൈറ്റ്സ് പ്രവര്‍ത്തനങ്ങള്‍ക്ക് നേത്യത്വം നല്കുന്നു. മൂന്നു ബാച്ചുകളിലായി 117 കുട്ടികള്‍ ലിറ്റില്‍ കൈറ്റ്സില്‍ സജീവമായി പ്രവര്‍ത്തിച്ചു വരുന്നു.
പുരസ്കാരം കരസ്ഥമാക്കിയ ലിറ്റില്‍ കൈറ്റ്സ് അംഗങ്ങളെ സ്കൂള്‍ മാനേജര്‍ ഫാ. മൈക്കിള്‍ ചീരാംകുഴി, പ്രോ-വികാര്‍ ഫാ. ഏബ്രഹാം തകടിയേല്‍, ഹെഡ്മിസ്ട്രസ് സിസ്റ്റർ റ്റെസ് എഫ്സിസി, പിടിഎ പ്രസിഡന്റ് റോബിന് എപ്രേം എന്നിവര്‍ അഭിനന്ദിച്ചു.