മുണ്ടക്കയം കോസ് വേ കവലയിൽ ഗതാഗതക്കുരുക്ക്
1429997
Tuesday, June 18, 2024 9:44 PM IST
മുണ്ടക്കയം: മുണ്ടക്കയം കോസ്വേ കവലയിൽ വാഹനങ്ങളുടെ അനധികൃത പാർക്കിംഗ് ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നു. മുണ്ടക്കയം ബൈപ്പാസിലേക്കും എരുമേലി, കോരുത്തോട് റൂട്ടിലേക്കുമുള്ള വാഹനങ്ങൾ ദേശീയപാതയിൽനിന്നു തിരിഞ്ഞിറങ്ങുമ്പോൾ പാതയുടെ വശത്തുള്ള അനധികൃതപാർക്കിംഗ് ഗതാഗതക്കുരുക്കിനിടയാക്കുന്നു.
കോസ്വേ കവലയിലെ ചെറിയ റൗണ്ടാന മുതൽ പാലത്തിനുസമീപം വരെ റോഡിന്റെ വശത്ത് യാതൊരു നിയന്ത്രണവുമില്ലാതെയാണ് വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്നത്. വാഹനങ്ങൾ പാർക്കു ചെയ്ത ശേഷം പോകുന്നവർ ഏറെയാണ്. ഇവിടെ ഉണ്ടാകുന്ന ഗതാഗതക്കുരുക്ക് ദേശീയപാതയിലേക്കും മുണ്ടക്കയം ടൗണിന്റെ മിക്ക ഭാഗങ്ങളിലേക്കും പിന്നീട് വ്യാപിക്കുകയും ചെയ്യും.
കുരുക്ക് രൂക്ഷമാകുന്പോൾ കുമളി, കട്ടപ്പന അടക്കമുള്ള ദൂരെസ്ഥലങ്ങളിൽനിന്നു വരുന്ന വാഹനങ്ങൾ ബൈപ്പാസ് റോഡിലേക്കു കടക്കാതെ മുണ്ടക്കയം ടൗണിലൂടെ തന്നെ യാത്ര തുടരും. ടൗണിൽ ടിബി ജംഗ്ഷനു സമീപവും റോഡിന്റെ വശങ്ങളിലെ അനധികൃത വാഹന പാർക്കിംഗ് യാത്രക്കാർക്കു ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. അവധി ദിവസങ്ങളിലും സ്കൂൾ സമയങ്ങളിലും മുണ്ടക്കയം ടൗണിൽ വലിയ ഗതാഗത കുരുക്കാണ് ഉണ്ടാകുന്നത്.