ഇലക്ട്രോണിക് വീൽ ചെയർ കൈമാറി
1430001
Tuesday, June 18, 2024 9:44 PM IST
എരുമേലി: യൂത്ത് ഫ്രണ്ട് - എം എരുമേലി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭിന്നശേഷിക്കാരനായ കണ്ണന് ഇലക്ട്രിക് വീൽ ചെയർ കൈമാറി. റാന്നി അടിച്ചിപ്പുഴ സ്വദേശിയും ആദിവാസി മലഅരയ യുവാവുമായ കണ്ണൻ വർഷങ്ങളായി എരുമേലി പ്രൈവറ്റ് ബസ് സ്റ്റാൻഡിലാണ് താമസം. ജന്മനാ പോളിയോ ബാധിച്ച് കാലുകൾ തളർന്ന് ശോഷിച്ച കണ്ണന് കൊരണ്ടി പലകയിൽ ഇരുന്നാണ് ലോട്ടറി വിൽപ്പന നടത്തുന്നത്. തണൽ ചാരിറ്റി പദ്ധതി ഉദ്ഘാടനം ചെയ്തതിന്റെ ഭാഗമായാണ് ഇലക്ട്രിക് വീൽ ചെയർ കണ്ണന് കൈമാറിയത്.
തണൽ പദ്ധതിയുടെ ഉദ്ഘാടനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. കിൻഫ്ര ചെയർമാൻ ജോർജ്കുട്ടി ആഗസ്തി, ബിനോ ജോൺ ചാലക്കുഴി, സഖറിയ ഡോമനിക്, തോമസ് കുര്യാക്കോസ്, അബേഷ് അലോഷ്യസ്, ജോബി നെല്ലോലപോയ്കയിൽ, തങ്കച്ചൻ കാരക്കാട്ട്, സുശീൽ കുമാർ, ടോം ആയില്ലൂർ, അജ്മൽ മലയിൽ എന്നിവർ പങ്കെടുത്തു.
65000 രൂപ വിലയുള്ള ഇലക്ട്രിക് വീൽ ചെയറിന് അര ലക്ഷം രൂപ മുത്തൂറ്റ് ഗ്രൂപ്പും ബാക്കി തുക സുമനസുകൾ ചേർന്നും നൽകി.