വീട് കുത്തിത്തുറന്ന് 20 പവൻ മോഷ്ടിച്ചു
1430037
Tuesday, June 18, 2024 11:35 PM IST
ഗാന്ധിനഗർ: വീട് കുത്തിത്തുറന്ന് 20 പവൻ സ്വർണം മോഷ്ടിച്ചു. മെഡിക്കൽ കോളജ് ചെമ്മനംപടിയിൽ ആലപ്പാട്ട് ചന്ദ്രന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. വീട്ടുകാർ മൂന്നാറിൽ മകന്റെ വീട്ടിൽ പോയ സമയത്തായിരുന്നു വീട് കുത്തിത്തുറന്ന് മോഷണം നടന്നത്.
തിങ്കളാഴ്ച രാവിലെ വീട്ടുകാർ തിരികെ എത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. ഇരുനില വീടിന്റെ മുൻ വാതിലിലെ ഒരു പാളി ഇളക്കി മാറ്റിയ ശേഷം ഉള്ളിൽ കടന്നാണ് മോഷണം നടത്തിയിരിക്കുന്നത്.
വീടിനുള്ളിലെ അലമാരയിൽ സൂക്ഷിച്ച 20 പവൻ സ്വർണമാണ് മോഷണം പോയത്. വീടിനുള്ളിൽ സാധനങ്ങൾ വാരി വലിച്ചിട്ട നിലയിലാണ്. ലാപ്ടോപ്പോ മറ്റ് സാധനങ്ങളോ മോഷണം പോയിട്ടില്ല. ഗാന്ധിനഗർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള, സയന്റിഫിക് വിദഗ്ധർ സ്ഥലത്ത് പരിശോധന നടത്തി. പ്രതികളെ സംബന്ധിച്ച് സൂചനകൾ ലഭിച്ചിട്ടില്ലെന്നും അന്വേഷണം ഊർജിതമാക്കിയെന്നും ഗാന്ധിനഗർ പോലീസ് അറിയിച്ചു.