സ്റ്റെഫിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി
1430039
Tuesday, June 18, 2024 11:35 PM IST
പാമ്പാടി: കുവൈറ്റില്‍ ദുരന്തത്തില്‍ ജീവന് പൊലിഞ്ഞ സ്റ്റെഫിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി.
മൃതദേഹം പൊതുദര്‍ശനത്തിന് വച്ച സിംഹാസന പള്ളിയുടെ ഓഡിറ്റോറിയത്തിലേക്ക് പാമ്പാടിയൊന്നാകെ ഒഴുകിയെത്തി. സ്റ്റെഫിന്റെ മാതാപിതാക്കളായ സാബുവിന്റെയും ഷേര്‍ളിയുടെയും സഹോദരങ്ങളായ ഫെബിന്റെയും കെവിന്റെയും സങ്കടം എല്ലാവരെയും കണ്ണീരിലാഴ്ത്തി. വ്യാപാരികള്‍ കടകളടച്ച് ദുഃഖത്തില്‍ പങ്കുചേര്‍ന്നു. സംസ്കാര ശുശ്രൂഷകള്‍ക്ക് പ്രധാന കാര്‍മികത്വം വഹിച്ച ഐപിസി സെന്റര്‍ മിനിസ്റ്റര്‍ പാസ്റ്റര്‍ സാം ക്രിസ്റ്റി വിതുമ്പലോടെയാണ് സമാപന പ്രാര്‍ഥനകള്‍ നടത്തിയത്.
എന്‍ബിടിസി മാനേജിംഗ് ഡയറക്ടര്‍ കെ. ജെ. ഏബ്രഹാം ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തിയിരുന്നു. ജനപ്രതിനിധികളും രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിലെ ഒട്ടേറെ പ്രമുഖരും ആദരാഞ്ജലികള്‍ അര്‍പ്പിക്കാനും സംസ്കാര ശുശ്രൂഷകളില്‍ പങ്കെടുക്കാനുമെത്തിയിരുന്നു.
കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്, ചാണ്ടി ഉമ്മന്‍ എംഎല്‍എ, ബിജെപി സംസ്ഥാനപ്രസിഡന്റ് കെ. സുരേന്ദ്രന്, ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍ തുടങ്ങിയവര്‍ സ്റ്റെഫിന്റെ മാതാപിതാക്കളെ ആശ്വസിപ്പിക്കാന്‍ വീട്ടില്‍ എത്തിയിരുന്നു. സംസ്ഥാന സര്‍ക്കാരിനുവേണ്ടി ജില്ലാ കളക്ടര്‍ പുഷ്പചക്രം അര്‍പ്പിച്ചു.