വെച്ചൂരിൽ വിരിപ്പുകൃഷിക്കായി ഒരുക്കങ്ങൾ പുരോഗമിക്കുന്നു
1430149
Wednesday, June 19, 2024 5:47 AM IST
വൈക്കം: വെച്ചൂരിൽ വിരിപ്പുകൃഷിക്കായി പാടശേഖരങ്ങളിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. 34 പാടശേഖരങ്ങളിലായി 3400 ഏക്കറിലാണ് വിരിപ്പ് കൃഷി നടക്കുന്നത്. ഊരിക്കരി, പുത്തൻകരി എന്നീ പാടശേഖരങ്ങളിൽ വിത കഴിഞ്ഞു. ദേവസ്വംകരി പാടശേഖരത്തിൽ അടുത്തദിവസവും പന്നയ്ക്കാത്തടത്ത് അടുത്തയാഴ്ചയും വിത നടക്കും. രണ്ടാഴ്ചയ്ക്കകം മുഴുവൻ പാടശേഖരങ്ങളിലും വിത നടത്താനായി വിത്തടക്കം തയാറാക്കി വരികയാണ് കർഷകർ.
പാടശേഖരത്തിലെ പുളിപ്പുനീക്കാനായി വിതറുന്ന കക്കയുടെ ടെണ്ടർ 21ന് നടക്കും. പാടശേഖരത്തിലേക്കു ശുദ്ധജലമെത്തിക്കുന്ന തോടുകളൊക്കെ വറ്റിയ നിലയിലാണ്. നീരൊഴുക്കു നിലച്ച് മലിനമായ തോടുകളിലെ മലിനജലം പാടത്ത് കയറ്റാനുമാവില്ല.
മഴ ശക്തമാകുകയും തോടുകളിലെ തടസങ്ങൾ നീക്കി ജലപ്രവാഹം ശക്തിപ്പെടുത്തുകയും ചെയ്താൽ മാത്രമേ കൃഷി ഫലപ്രദമാകുവെന്ന് കർഷകർ പറയുന്നു.