നെഹ്റു ട്രോഫി ജലമാമാങ്കത്തില്‍ മാറ്റുരയ്ക്കാന്‍ ചങ്ങനാശേരിയും
1430152
Wednesday, June 19, 2024 5:47 AM IST
ചങ്ങനാശേരി: ആലപ്പുഴ പുന്നമടക്കായലില്‍ നടന്നുവരുന്ന ചരിത്രപ്രസിദ്ധമായ നെഹ്റുട്രോഫി വള്ളംകളിയില്‍ മത്സരിക്കാന്‍ ഇതാദ്യമായി ചങ്ങനാശേരിയില്‍നിന്നു ചുണ്ടന് വള്ളമിറങ്ങും. ഇതിനായി സിബിസി എന്ന പേരില്‍ വിവിധ സംഘടനകളെയും പ്രമുഖരെയും ഉള്‍പ്പെടുത്തി ചങ്ങനാശേരി ബോട്ട് ക്ലബ് രൂപീകരിച്ചു.
കുരിശുംമൂട് മീഡിയ വില്ലേജിന്റെ നേതൃത്വത്തില്‍ ചങ്ങനാശേരി കേന്ദ്രമാക്കിയാണ് ബോട്ട് ക്ലബ് രൂപീകരിച്ചത്. ആദ്യമായി പങ്കെടുക്കുന്ന നെഹ്റുട്രോഫി മത്സരം എന്ന നിലയില്‍ മികച്ച ചുണ്ടന്‍വള്ളം തന്നെ കണ്ടെത്തുന്നതിനുള്ള തിരക്കിലാണ് പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ക്ലബ് ഭാരവാഹികള്‍. ഇതിനായി പ്രമുഖ വള്ളങ്ങളുടെ ഉടമസ്ഥരെ സമീപിച്ചു തുടങ്ങി.
മീഡിയ വില്ലേജില്‍ നടന്ന ചങ്ങനാശേരി ബോട്ട് ക്ലബിന്റെ ഉദ്ഘാടനം ജോബ് മൈക്കിള്‍ എംഎല്‍എ നിര്‍വഹിച്ചു. ഫാ. ആന്റണി എത്തക്കാട്ട് അധ്യക്ഷത വഹിച്ചു. ഫാ. ജോഫി പുതുപറമ്പ്, ജേക്കബ് ജോബ്, പോലീസ് ടീം മുന്‍ ക്യാപ്റ്റന്‍ സന്തോഷ്, ചുണ്ടന്‍വള്ളം ലീഡിംഗ് ക്യാപ്റ്റന്‍ ബൈജപ്പന്‍, വിനു ജോബ് കുഴിമണ്ണില്‍ എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികള്‍: ജോബ് മൈക്കിള്‍ എംഎല്‍എ, ഫാ. ആന്റണി എത്തക്കാട്ട്, ഫാ. ജോഫി പുതുപറമ്പ് (രക്ഷാധികാരികള്‍). ജേക്കബ് ജോബ്(പ്രസിഡന്റ്), വിനു ജോബ് കുഴിമണ്ണില്‍.
(സെക്രട്ടറി).