ചങ്ങനാശേരി ബോട്ട് ജെട്ടിയിലെ പോളവാരല്‍ ആരംഭിച്ചു
1430155
Wednesday, June 19, 2024 5:58 AM IST
ചങ്ങനാശേരി: ചങ്ങനാശേരി ബോട്ട് ജെട്ടിയിലെ പോളവാരല്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഒരു വര്‍ഷത്തേക്ക് മുഴുവനായി പോളവാരുന്ന റണ്ണിംഗ് കോണ്‍ട്രാക്ട് രീതിയിലാണ് പോളവാരല്‍ നടത്തുന്നത്. അനിയന്ത്രിതമായി ഉണ്ടാകുന്ന പോള ജലഗതാഗതത്തിനും തോടിന്റെ വശങ്ങളില് താമസിക്കുന്നവര്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. ജോബ് മൈക്കിള്‍ എംഎല്‍എ അടിയന്തരമായി ഇടപെട്ടതിന്റെ അടിസ്ഥാനത്തില്‍ ഒമ്പതുലക്ഷം രൂപ മുടക്കി ഒരു വര്‍ഷം മുഴുവന്‍ പോളവാരുന്ന പ്രവൃത്തിയായ റണ്ണിംഗ് കോണ്‍ട്രാക്ട് വര്‍ക്കിലാണ് പോളവാരല്‍ ആരംഭിച്ചത്.
കഴിഞ്ഞതവണ എംഎല്‍എ അനുവദിച്ചിരുന്ന റണ്ണിംഗ് കോണ്‍ട്രാക്ട് പ്രവൃത്തി അവസാനിച്ചതിനാലാണ് പോളശല്യം വീണ്ടും ഉണ്ടായത്. ഒരു പ്രവൃത്തി അനുവദിച്ചു നടപ്പിലാക്കിയശേഷം രണ്ടു വര്‍ഷം കഴിയാതെ അതേ സ്ഥലത്ത് പുതിയ പ്രവൃത്തി അനുവദിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടെങ്കിലും ജനങ്ങളുടെയും ജലഗതാഗതത്തിന്റെയും ബുദ്ധിമുട്ട് പരിഗണിച്ചാണ് എംഎല്‍എ വീണ്ടും ബോട്ട് ജെട്ടി വൃത്തിയാക്കലിനായി റണ്ണിംഗ് കോണ്‍ട്രാക്ട് അനുവദിച്ചത്.
പോളവാരലിന്റെ ഉദ്ഘാടനം ജോബ് മൈക്കിള്‍ എംഎല്‍എ നിര്‍വഹിച്ചു. മുനിസിപ്പല്‍ ചെയപേഴ്സണ്‍ ബീന ജോബി അധ്യക്ഷത വഹിച്ചു. സാന്ദ്ര നോര്‍മന്‍, സണ്ണി ചങ്ങങ്കേരി, ജോയിച്ചന്‍ പീലിയാനിക്കല്‍, ജയിംസ് പുത്തന്‍പുര, ഷാജി മുട്ടത്തില്‍, ബേബിച്ചന് വെട്ടിത്തുരുത്ത്, ജോസി കല്ലുകളം, ഷാജി കോലേട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ബോട്ടുജെട്ടിയിലെ പോളശല്യം: വിഷയം നിയമസഭയില്‍ അവതരിപ്പിക്കുമെന്ന് ജോബ് മൈക്കിള്‍
സ്ഥിരം ശല്യമാകുന്ന പോളയുടെ ശമനം ഉണ്ടാക്കുന്നതിനും ചങ്ങനാശേരി ബോട്ട് ജെട്ടി വൃത്തിയാക്കുന്നതിനും നാട്ടുകാരുടെയും ജലഗതാഗത ഉപഭോക്താക്കളുടെയും സംയുക്തമായുള്ള ഇടപെടലിലൂടെ ചെയ്യാനുള്ള പദ്ധതിയുടെ പ്രാരംഭ നടപടികള്‍ ഉടന്‍ തുടങ്ങുമെന്നും ഈ വിഷയം നിയമസഭയില്‍ കൊണ്ടുവന്നു വേണ്ട ഉന്നത ഇടപെടല്‍ ഉണ്ടാക്കുമെന്നും ജോബ് മൈക്കിള്‍ എംഎല്‍എ അറിയിച്ചു.