കഞ്ചാവുചെടി കണ്ടെത്തി
1430157
Wednesday, June 19, 2024 5:58 AM IST
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിനു സമീപം പാതയോരത്ത് ആർപ്പൂക്കര പഞ്ചായത്തു വക സ്ഥലത്ത് കഞ്ചാവ് ചെടി കണ്ടെത്തി. മൂന്നരയടി ഉയരത്തിൽ വളർന്ന കഞ്ചാവു ചെടിയാണ് കണ്ടെത്തിയത്.
ആർപ്പൂക്കര പഞ്ചായത്തിന്റെ കുഴൽകിണർ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് കുറ്റിക്കാടുകൾക്കിടയിലാണ് കഞ്ചാവ് ചെടി വളർന്നു നിന്നിരുന്നത്. രാത്രികാല തട്ടുകടക്കാരുടെ വണ്ടികൾ ഈ ഭാഗത്താണ് പകൽ സമയങ്ങളിൽ സൂക്ഷിക്കാറുള്ളത്.
മെഡിക്കൽ കോളജ് പരിസരം കഞ്ചാവ് മാഫിയകളുടെയും രാസ ലഹരിവില്പനക്കാരുടെയും കേന്ദ്രമായിട്ട് നാളുകളേറെയായി. ഇക്കൂട്ടർ വിറ്റ കഞ്ചാവ് പൊതി ഉപഭോക്താവ് ഉപയോഗിക്കാനായി പുറത്തെടുത്തപ്പോൾ കായ നിലത്തുവീണു കിളിർത്തതാകാമെന്നാണ് കരുതുന്നത്. വഴിയാത്രക്കാർ ആരോ കഞ്ചാവ് ചെടി തിരിച്ചറിയുകയും എക്സൈസിനെ വിവരമറിയിക്കുകയുമായിരുന്നു. തുടർന്ന് ഉദ്യോഗസ്ഥരെത്തി കഞ്ചാവു ചെടി പിഴുതുമാറ്റുകയും ചെയ്തു.